പട്ടേല്‍ പ്രതിമ കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി സീപ്ലെയിന്‍ സര്‍വ്വീസ്; നര്‍മ്മദയില്‍ നിന്ന് മുതലകളെ നാടുകടത്തി ഗുജറാത്ത് സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച 182 മീറ്റര്‍ ഉയരമുള്ള 'സ്റ്റാച്യു ഓഫ് യൂണിറ്റി'രാജ്യത്തിന് സമര്‍പ്പിച്ചത്

ഗുജറാത്ത്: നര്‍മ്മദ നദിയുടെ തീരത്ത് 3000 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സീപ്ലെയിന്‍ സര്‍വീസുകള്‍ തുടങ്ങാനായി നദിയിലെ മുതലകളെ കൂട്ടത്തോടെ ഗുജറാത്ത് സര്‍ക്കാര്‍ നാടു കടത്തി.

മുന്നൂറോളം മുതലകളെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മാറ്റിയത്. മൂന്ന് മീറ്റര്‍ വരെ വലുപ്പമുള്ള മുതലകളെ കൂടുകളിലാക്കി പിക്അപ് ട്രക്കുകളില്‍ കയറ്റിയാണു സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോയത്.

എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം മാത്രമേ മുതലകളെ പ്രദേശത്തുനിന്നു മാറ്റാന്‍ പാടുള്ളൂവെന്നു സംസ്ഥാന വൈല്‍ഡ്ലൈഫ് ബോര്‍ഡ് അംഗം പ്രിയാവ്രത് ഗദ്വി അഭിപ്രായപ്പെട്ടു. അതേ സമയം വിനോദ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥ അനുരാധ സാഹു വ്യക്തമാക്കി.

അതേ സമയം വംശനാശ ഭീഷണി നേരിടുന്ന ഈ മുതലകളുടെ ജീവന് ഭീഷണിയാകുന്ന നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈല്‍ഡ്ലൈഫ് മാഗസിന്‍ സാങ്ച്വറി ഏഷ്യയുടെ എഡിറ്റര്‍ ബിട്ടു സഗല്‍ രംഗത്തെത്തി. എല്ലാവര്‍ക്കും ബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച 182 മീറ്റര്‍ ഉയരമുള്ള ‘സ്റ്റാച്യു ഓഫ് യൂണിറ്റി’രാജ്യത്തിന് സമര്‍പ്പിച്ചത്.

Exit mobile version