തീരസംരക്ഷണ നിയമം ലംഘിച്ചു; നീരവ് മോദിയുടെ അലിബാഗിലെ ബംഗ്ലാവ് പൊളിച്ചു നീക്കും

അഞ്ച് ബെഡ് റൂമുകളും വലിയ നീന്തല്‍ കുളങ്ങളും സിനിമാ തീയ്യേറ്ററും ലൈബ്രറിയും അടങ്ങുന്ന ബംഗ്ലാവ് 12000 സ്‌ക്വയര്‍ ഫീറ്റിലാണ് സ്ഥിതിചെയ്യുന്നത്

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ ലോണെടുത്ത് രാജ്യം വിട്ടു കളഞ്ഞ വജ്ര വ്യാപാരി നീരവ് മോദിയുടെ മഹാരാഷ്ട്രയിലെ അലിബാഗിലുള്ള ബംഗ്ലാവ് ഇന്ന് പൊളിച്ചു നീക്കും. കടലോരത്തായിട്ടാണ് ഈ ബ്ലംഗാവ് സ്ഥിതി ചെയ്യുന്നത്.

തീരസംരക്ഷണ നിയമം ലംഘിച്ച് കടലോരത്ത് നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ബ്ലംഗാവും പൊളിച്ചു നീക്കുന്നത്. മുംബൈ ഹൈക്കോടതിയാണ് കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്. ഈ ബ്ലംഗാവിന് പുറമെ നിയമം ലംഘിച്ച് നിര്‍മ്മിച്ച 57 ബംഗ്ലാവുകള്‍ക്കെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

നീരവ് മോദിയുടെ ബംഗ്ലാവ് പൂര്‍ണ്ണമായും പൊളിച്ചു നീക്കാന്‍ നാല് ദിവസത്തോളം വേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. അഞ്ച് ബെഡ് റൂമുകളും വലിയ നീന്തല്‍ കുളങ്ങളും സിനിമാ തീയ്യേറ്ററും ലൈബ്രറിയും അടങ്ങുന്ന ബംഗ്ലാവ് 12000 സ്‌ക്വയര്‍ ഫീറ്റിലാണ് സ്ഥിതിചെയ്യുന്നത്.

അലിബാഗിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന അനധികൃത ബംഗ്ലാവുകള്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുരേന്ദ്ര ദവാലെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.

Exit mobile version