ആദ്യം ഭീകരസംഘടനയിലെ അംഗം.. പിന്നീട് നാടിന്റെ നായകന്‍; ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനിക്ക് ഈ വര്‍ഷത്തെ അശോക ചക്ര

ന്യൂഡല്‍ഹി: ഷോപ്പിയാനില്‍ ആറ് ഭീകരരെ വധിച്ച ഓപ്പറേഷനിടെ വീരമത്യുവരിച്ച ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനിക്ക് മരണാനന്തര ബഹുമതിയായ അശോക ചക്ര.

സൈന്യത്തില്‍ ചേരുന്നതിന് മുമ്പ് ഒരു ഭീകര സംഘടനയിലെ അംഗമായിരുന്നു നസീര്‍ അഹമ്മദ് വാനി. ഭീകരസംഘടനയുടെ ഭാഗമായി ആക്രമണങ്ങള്‍ നടത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് മനസിലാക്കിയ നസീര്‍ അഹമ്മദ് ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ച് കീഴടങ്ങി.

പിന്നീട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്കു വേണ്ടിയുള്ള ജമ്മു-കശ്മീരിലെ സര്‍ക്കാര്‍ അനുകൂല മിലിട്ടറി ഗ്രൂപ്പായ ഇഖ്വാന്‍ ഫോഴ്‌സിന്റെ ഭാഗമാവുകയായിരുന്നു.

കുല്‍ഗാമിലെ ചേകി അഷ്മുജി ഗ്രാമവാസിയായ നസീര്‍ അഹമ്മദ് 2004ലാണ് ടെറിട്ടോറിയല്‍ ആര്‍മിയിലെ 162 ബറ്റാലിയന്റെ ഭാഗമായി ജോലിയില്‍ പ്രവേശിക്കുന്നത്. ഭീകര പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം വളരെയധികമുള്ള ഒരു ഗ്രാമമായിരുന്നു വാനിയുടേത്.

അത്തരമൊരു പ്രതികൂല സാഹചര്യത്തില്‍ നിന്നാണ് അദ്ദേഹം സേനയുടെ ഭാഗമാകുന്നത്. മികച്ച സേവനത്തിന് 2007 ഓഗസ്റ്റില്‍ ധീരതക്കുള്ള സേനാമെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.

Exit mobile version