ബിജെപിക്കാര്‍ക്ക് പാര്‍ട്ടിയാണ് കുടുംബം! ചിലര്‍ക്ക് കുടംബമാണ് പാര്‍ട്ടി; പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനെ വിമര്‍ശിച്ച് മോഡി

ന്യൂഡല്‍ഹി: ദേശീയ നേതൃത്വത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ പ്രവേശനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപിക്കാര്‍ക്ക് പാര്‍ട്ടിയാണ് കുടുംബം എന്നാല്‍ ചിലര്‍ക്ക് കുടംബമാണ് പാര്‍ട്ടിയെന്ന് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച് മോഡി പറഞ്ഞു. കുടുംബാധിപത്യത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസില്‍ കുറ്റകരമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ബിജെപി ബൂത്ത് പ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെയാണ് പ്രിയങ്കാ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയുള്ള മോഡിയുടെ പ്രതികരണം.

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തോടെ രാഹുല്‍ഗാന്ധി പരാജയമാണെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര നേരത്തെ പറഞ്ഞിരുന്നു. ഒരു പാര്‍ട്ടിയാകെ ഒരു കുടുംബത്തിന് പിന്നാലെ പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. കോണ്‍ഗ്രസ് കുടുംബത്തെയാണ് പാര്‍ട്ടിയായി കാണുന്നത്. എന്നാല്‍ ബിജെപിയാകട്ടെ പാര്‍ട്ടിയെയാണ് കുടുംബമായി കാണുന്നതെന്നും പാത്ര പറഞ്ഞു.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയെ നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ അടങ്ങിയതാണ് കിഴക്കന്‍ ഉത്തര്‍പ്രദേശ്.

Exit mobile version