‘നാഷണല്‍ വിമന്‍സ് പാര്‍ട്ടി’ ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി..! ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി പോരാടാനുറച്ച് ഈ പെണ്‍കരുത്ത്

മുംബൈ: ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി മുംബൈയില്‍ തുടങ്ങി. നാഷണല്‍ വിമന്‍സ് പാര്‍ട്ടി (എന്‍ഡബ്ല്യുപി) എന്നാണ് പുതിയ പാര്‍ട്ടിയുടെ നാമം. ആരോഗ്യ, സാമൂഹിക പ്രവര്‍ത്തകയായ ഡോ. ശ്വേത ഷെട്ടിയാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. അതേസമയം വരുന്ന ചൂടേറിയ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 283 സീറ്റുകളില്‍ മത്സരിക്കാനാണ് എന്‍ഡബ്ല്യുപിയുടെ തീരുമാനം. ലോക്സഭയില്‍ 50 ശതമാനം സ്ത്രീ സംവരണത്തിനായി ശ്രമിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.

ഡല്‍ഹിയിലും കര്‍ണ്ണാടകയിലുമാണ് പാര്‍ട്ടി ആദ്യം നിലവില്‍ വന്നത്. ശേഷം പാര്‍ട്ടി രാജ്യവ്യാപകമായി നിലവില്‍ വരും എന്നാണ് പ്രവര്‍ത്തകരുടെ നിഗമനം. ഹൈദ്രാബാദില്‍ മാത്രം ഇവര്‍ക്ക് 1.4 ലക്ഷം അംഗങ്ങളുണ്ടെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. പാര്‍ലമെന്റില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു അവകാശം ലഭിക്കുന്നില്ലെന്നും കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകള്‍ സംവരണത്തിനു വേണ്ടി വാദിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

വെറുമൊരു പാര്‍ട്ടിയായി മുന്നോട്ട് കൊണ്ടുപോകാതെ ജനങ്ങള്‍ക്കിടയിലേക്ക് കടന്നു ചെല്ലുക എന്നതാണ് പാര്‍ട്ടിയുടെ ഉദ്ദേശം. അതിന് മുന്നോടിയായി ‘മഹിളാ രക്ഷക്’ എന്നപേരില്‍ മൊബൈല്‍ ആപ്പ് എന്‍ഡബ്ല്യുപി വൈകാതെ പുറത്തിറക്കും. അവശ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനാണിത്. രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും യുവ പാര്‍ലമെന്റിന് രൂപം നല്‍കും. വനിതകള്‍ക്കുള്ള രാഷ്ട്രീയ പഠനകേന്ദ്രങ്ങളായിരിക്കും ഇതെന്നും ഷെട്ടി പറഞ്ഞു.

Exit mobile version