‘അഭയാര്‍ത്ഥികളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധരും ഒന്നും പൗരത്വ പട്ടികയെ ഭയപ്പെടേണ്ട’; മുസ്ലിംങ്ങളെ ഉന്നംവെച്ച് ബംഗാളില്‍ കടുത്ത വര്‍ഗ്ഗീയത പ്രസംഗിച്ച് അമിത് ഷാ

ബംഗാളില്‍ റാലി നടത്തുന്നതിനിടെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗം വന്‍വിവാദത്തിലേക്ക്.

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ റാലി നടത്തുന്നതിനിടെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗം വന്‍വിവാദത്തിലേക്ക്. കടുത്ത വര്‍ഗ്ഗീയത വമിപ്പിക്കുന്ന വാക്കുകളാണ് അമിത് ഷാ ബംഗാളിലെ റാലിയില്‍ പുറപ്പെടുവിച്ചത്. ദേശീയ പൗരത്വപട്ടിക(എന്‍ആര്‍സി)യെ രാജ്യത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധരും സിഖുകാരും ഭയപ്പെടേണ്ടതില്ലെന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. പൗരത്വഭേദഗതി ബില്‍ അവര്‍ക്ക് പൗരത്വം നല്‍കാന്‍ കൊണ്ടുവന്നതാണെന്നും അമിത് ഷാ പറയുന്നു.

പശ്ചിമബംഗാളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് കൊണ്ട് മാല്‍ഡയിലാണ് അമിത് ഷായുടെ വര്‍ഗീയ പ്രസംഗം. നുഴഞ്ഞുകയറ്റക്കാരുമായി അടുത്തബന്ധമാണ് തൃണമൂലിനുള്ളതെന്ന് അമിത് ഷാ ആരോപിച്ചു.

നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനാണ് എന്‍ആര്‍സി കൊണ്ടു വന്നത്. പക്ഷെ ഇത് ബംഗാളികളെ പുറത്താക്കാനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ബംഗാളില്‍ ജീവിക്കുന്ന ഹിന്ദുക്കളും സിഖുകാരും ബുദ്ധവിശ്വാസികളുമായ അഭയാര്‍ത്ഥികള്‍ ഭയപ്പെടേണ്ടതില്ലെന്നും ഷാ പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നത് എല്ലാ ബംഗ്ലാദേശി ഹിന്ദുക്കള്‍ക്കും പൗരത്വം നല്‍കാനാണെന്നും, ബുദ്ധരോ, സിഖുകാരനോ, ക്രിസ്ത്യാനിയോ ആരുമായാലും കുഴപ്പമില്ല, പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ബിജെപിയുടെ മോഡി സര്‍ക്കാര്‍ പൗരത്വം നല്‍കുമെന്നും അമിത് ഷാ പറയുന്നു.

പൗരത്വഭേദഗതി ബില്ലില്‍ മമത നിലപാട് വ്യക്തമാക്കണമെന്നും ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ നിങ്ങളില്‍ നിന്ന് ഉത്തരം തേടുന്നുവെന്നും ഷാ പറഞ്ഞു. പൗരത്വഭേദഗതി ബില്‍ ആയിരിക്കും ബംഗാളില്‍ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാളി ഹിന്ദുക്കളുടെ നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീമിതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക പൗരത്വം നല്‍കുമെന്നാണ് വ്യവസ്ഥ.

Exit mobile version