ബിജെപി ബംഗാളിലേക്ക് വരുന്നത് ഒരിക്കലും തടയാനാകില്ല; താഴെ ഇറങ്ങാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കും; അമിത് ഷാ

കൊല്‍ക്കത്ത: ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

താഴെ ഇറങ്ങാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഹബിബ്പൂരിലെ മാള്‍ഡയിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രഥയാത്രയ്ക്ക് പിന്നാലെ റാലികള്‍ നടത്തുന്നതിനും മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി ആരോപിക്കുന്നു.

മമത ബാനര്‍ജി ഭയന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുമതി നല്‍കില്ല. രഥയാത്രയ്ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ റാലികളും യോഗങ്ങളും നടത്തും.

ബിജെപി ബംഗാളിലേക്ക് വരുന്നത്, നിങ്ങള്‍ക്ക് ഒരിക്കലും തടയാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപണങ്ങള്‍ തളളി രംഗത്തെത്തി. ഗോള്‍ഡന്‍ പാര്‍ക്ക് ഹോട്ടലിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും മമത വ്യക്തമാക്കി.

നേരത്തെ അമിത് ഷായുടെ നേതൃത്യത്തില്‍ നടത്താനിരുന്ന രഥയാത്ര സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ബംഗാള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു.

രഥയാത്ര നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയെങ്കിലും, യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതില്‍ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ബംഗാളില്‍ അമിത് ഷാ നയിക്കുന്ന റാലികള്‍ക്ക് ഇന്ന് തുടക്കമായി. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന വിശാലപ്രതിപക്ഷ ഐക്യറാലിക്ക് മറുപടി നല്‍കാനാണ് ബിജെപി ബംഗാളില്‍ റാലികള്‍ സംഘടിപ്പിക്കുന്നത്.

Exit mobile version