വോട്ടിങ് യന്ത്രങ്ങള്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നു; ചന്ദ്രബാബു നായിഡു

അമരാവതി: വോട്ടിങ് യന്ത്രങ്ങള്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന് ലണ്ടനിലുള്ള സൈബര്‍ വിദഗ്ധനെന്ന് അവകാശപ്പെടുന്നയാള്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം.

സാങ്കേതിക മുന്നേറ്റത്തെ താന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍, സാങ്കേതികവിദ്യ ദുരുപയോഗപ്പെടുത്തുന്ന സാഹചര്യം അപകടകരമാണ്. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകുന്നത് സംബന്ധിച്ച അഭിപ്രായം രാഷ്ട്രീയ പാര്‍ട്ടികളോട് ആരായാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെപ്പറ്റിയും വിവി പാറ്റ് സംവിധാനത്തെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ 22 പാര്‍ട്ടികളുടെ നേതാക്കള്‍ ഉടന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെക്കാണും. പേപ്പര്‍ ബാലറ്റിലേക്ക് ഉടന്‍ മടങ്ങേണ്ടത് അത്യാവശ്യമാണ്. ഹാക്കര്‍മാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ദേശീയ തലത്തില്‍ ഈ വിഷയം നേരത്തെതന്നെ ചര്‍ച്ചചെയ്തതാണ്. ടിഡിപി നടത്തിയ നീക്കങ്ങളുടെ ഫലമായാണ് വിവിപാറ്റ് സംവിധാനം ഉപയോഗിച്ചു തുടങ്ങിയത്. എന്നാല്‍, വിവി പാറ്റ് യന്ത്രങ്ങള്‍ മുഴുവന്‍ മണ്ഡലങ്ങളിലും ഉപയോഗിക്കുന്നില്ല. വിവി പാറ്റ് സ്ലിപ്പകളും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്. ജനാധിപത്യത്തില്‍ സംശയങ്ങള്‍ക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കളോട് ടെലികോണ്‍ഫറന്‍സ് വഴി സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Exit mobile version