സ്വേച്ഛാധിപതികളായ അഡോള്‍ഫ് ഹിറ്റ്‌ലറും മുസ്സോളിനിയും ജനാധിപത്യത്തിന്റെ ഉത്പന്നങ്ങളായിരുന്നു; ബിജെപി നേതാവ്

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഉത്തമമായ, ഊര്‍ജ്ജസ്വലമായ ഒരു ഭരണഘടനയുണ്ടെന്നും ബിജെപി അതിനൊപ്പമാണ് മുന്നോട്ടുപോവുന്നതെന്നും ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. സ്വേച്ഛാധിപതികളായ അഡോള്‍ഫ് ഹിറ്റ്‌ലറും മുസ്സോളിനിയും ജനാധിപത്യത്തിന്റെ ഉത്പന്നങ്ങളായിരുന്നുവെന്നും അതിന് ശേഷം ലോകത്ത് ലിബറല്‍ ജനാധിപത്യങ്ങളുണ്ടായിട്ടുണ്ട്, ജനാധിപത്യം കാലക്രമേണയാണ് പക്വതയിലെത്തുകയെന്നും രാം മാധവ് പറഞ്ഞു.

ഡല്‍ഹിയില്‍ റെയ്‌സിന ഡയലോഗ് 2020 എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം മുന്നേറണമെങ്കില്‍ അത് ജനങ്ങളെ പ്രതിനിധീകരിക്കുകയും ഒരു സംസ്‌കാരം പിന്തുടരുകയും വേണം. സമൂഹത്തില്‍ ഒരു മൂല്യവ്യവസ്ഥ വളര്‍ത്തിയെടുക്കണം. ഇന്ത്യ മേഖലയില്‍ ജനാധിപത്യ മൂല്യങ്ങളാണ് എന്നും പ്രോത്സാഹിപ്പിക്കുന്നത്. ജനാധിപത്യത്തെ മറ്റൊരു രാജ്യത്തിനെതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കരുതെന്നും രാം മാധവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് പാസ്സാക്കിയതെന്നും രാം മാധവ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ തെരുവുകളില്‍ അക്രമം അഴിച്ചുവിടുകയാണ്. നിയമം സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് പാര്‍ലമെന്റിലെ ചര്‍ച്ചക്കിടെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. വിമര്‍ശനം അക്രമത്തിലെത്തിയാല്‍ സര്‍ക്കാരിന് നടപടിയെടുക്കാനുള്ള ഉത്തരവാദിത്തമുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെങ്കില്‍ അത് ശരിയായ രീതിയില്‍ ശരിയായ വേദികളില്‍ പറയുകയാണ് വേണ്ടത്. സര്‍ക്കാര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ തങ്ങള്‍ അസഹിഷ്ണുതയുള്ളവരാണെന്ന് പറയരുതെന്നും രാം മാധവ് വിശദീകരിച്ചു.

Exit mobile version