പ്രണയത്തിന്റെ മറ്റൊരു മുഖം.. ഈ പോള്‍ മുത്തച്ഛന്‍; 61 വര്‍ഷത്തിനിടെ ഭാര്യയ്ക്ക് വേണ്ടി വാങ്ങിക്കൂട്ടിയത് 55000 ഗൗണുകള്‍; ഒരിയ്ക്കല്‍ ധരിച്ച വസ്ത്രം പിന്നീട് ധരിക്കുന്നത് മുത്തച്ഛന് ഇഷ്ടമല്ല

61 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഡാന്‍സ്ഹാളില്‍ വച്ചാണ് പോള്‍ മാര്‍ഗൊട്ട് എന്ന യുവതിയെ കണ്ടത്. എന്നാല്‍ ആദ്യ മാത്രയില്‍ പ്രണയം തോന്നിയ അവളെ അയാള്‍ കൂടെകൂട്ടി ഭാര്യയായി. അരിസോണയിലാണ് ഈ ദമ്പതികളുടെ താമസം. 83 കാരനായ ഇദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നു. പ്രണയത്തിന് വയസ്സില്ലെന്ന് പറയാറില്ലേ.. അതെ ഈ ഭര്‍ത്താവ് ഭാര്യയ്ക്കായി വാങ്ങിക്കൂട്ടിയ വസ്ത്രങ്ങളാണ് ആ പ്രണയത്തിന്റെ തീവ്രത കാണിക്കുന്നത്.

വ്യത്യസ്ത തരത്തിലുള്ള 55000 ഗൗണുകളാണ് ഈ കാലത്തിനിടയ്ക്ക് അദ്ദേഹം മാര്‍ഗൊട്ടിന് വാങ്ങി നല്‍കിയത്. ഒരിയ്ക്കല്‍ ധരിക്കുന്ന വസ്ത്രം മറ്റൊരു ദിവസം കൂടി ഭാര്യ ആവര്‍ത്തിച്ച് ധരിക്കാതിരിക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഭാര്യയുടെ വസ്ത്രങ്ങള്‍ മാത്രം സൂക്ഷിക്കാന്‍ 50 അടിവരുന്ന കൂറ്റനൊരു കണ്ടെയ്‌നറും അദ്ദേഹം ഒരുക്കിയിരുന്നു.

” ജര്‍മനിയിലെ ഒരു ഡാന്‍സ് ഹാളില്‍ വച്ചാണ് ഞങ്ങള്‍ കണ്ടത്. ആ രാത്രി വെളുക്കുവോളം ഞങ്ങള്‍ നൃത്തം ചെയ്തു. അന്ന് ആ രാത്രി ഞങ്ങള്‍ പരസ്പരം ഹൃദയം കൈമാറി. ഒരേ രീതിയിലുള്ള വസ്ത്രങ്ങള്‍ അവള്‍ ധരിച്ചു കാണുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടു തന്നെ അവള്‍ക്കായി വിവിധ ഡിസൈനുകളിലുള്ള ഗൗണുകള്‍ ഞാന്‍ വാങ്ങി. എന്റെ ഈ ഇഷ്ടം അറിയാവുന്ന വസ്ത്രവ്യാപാരികള്‍ ഡിസൈന്‍ മാറുന്ന മുറയ്ക്ക് എന്നെ വിളിച്ചറിയിക്കുകയും ന്യായമായ വിലയ്ക്ക് വസ്ത്രങ്ങള്‍ തരുകയും ചെയ്യും”.- പോള്‍ മുത്തച്ഛന്‍ പറയുന്നു.

2014 ഓടെ ഭാര്യയ്ക്ക് പുതുപുത്തന്‍ ഗൗണുകള്‍ വാങ്ങുന്ന ഏര്‍പ്പാട് പോള്‍ മുത്തച്ഛന്‍ നിര്‍ത്തി. ഭാര്യയുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാനായി മുത്തച്ഛന്‍ ഒരുക്കിയ ഭീമന്‍ കണ്ടെയ്‌നര്‍ ഗൗണുകള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോഴാണ് പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിച്ചതും കൈയിലുള്ള വസ്ത്രങ്ങളില്‍ ചിലത് വില്‍ക്കാന്‍ ആരംഭിച്ചതും.

ഇതുവരെ 7000 ഗൗണുകള്‍ മുത്തച്ഛന്‍ വിറ്റു. വരും വര്‍ഷങ്ങളില്‍ ബാക്കിയുള്ള 48000 ഗൗണുകള്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം പറയുന്നു. അങ്ങനെ പറയുമ്പോഴും 200 ഗൗണുകള്‍ തനിക്ക് വളരെ സ്‌പെഷ്യല്‍ ആണെന്നും അതു വില്‍ക്കാതെ മാര്‍ഗൊട്ടിനു വേണ്ടി മാത്രം സൂക്ഷിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും പോള്‍ മുത്തച്ഛന്‍ പറയുന്നു.

Exit mobile version