ഡല്‍ഹി ആപ്പ് സര്‍ക്കാരിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേന്ദ്രത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് പിന്നാലെ 400 പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു; വലഞ്ഞത് ജനങ്ങള്‍

ഡല്‍ഹി ആം ആദ്മി സര്‍ക്കാരിനെതിരെ പരസ്യമായ യുദ്ധത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി സര്‍ക്കാരിനെതിരെ പരസ്യമായ യുദ്ധത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യതലസ്ഥാനത്തെ 400 പെട്രോള്‍ പമ്പുകളാണ് ഇന്ന് പുലര്‍ച്ചെ ആറു മണിമുതല്‍ 24 മണിക്കൂര്‍ അടച്ചിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം ജനങ്ങളെ വലച്ച് പമ്പുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്.

90 രൂപയോടടുക്കുന്ന പെട്രോള്‍-ഡീസല്‍വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ ഇന്ധനത്തിന്റെ വാറ്റ് നികുതി കുറച്ച് വിലകുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സംസ്ഥാനങ്ങളോടാണ് ആവശ്യപ്പെടുന്നത്..

ഇതിനെ പിന്‍പറ്റി ബിജെപി ഭരിക്കുന്ന 13 സംസ്ഥാനങ്ങള്‍ വാറ്റ് കുറയ്ക്കുകയും ചെയ്തു. അതേസമയം, മറ്റ് വരുമാനങ്ങളില്ലാത്ത ഡല്‍ഹി സര്‍ക്കാര്‍ പെട്രോള്‍വില കുറയ്‌ക്കേണ്ട ബാധ്യത കേന്ദ്രത്തിനാണെന്ന് വ്യക്തമാക്കി വില കുറച്ചില്ല. ഇതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചത്.

ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പമ്പില്‍ വില കുറഞ്ഞതിനാല്‍ ഉപഭോക്താക്കള്‍ അഭയം തേടിയെന്നും അതുമൂലം 20 ശതമാനം വില്‍പനയിടിഞ്ഞുവെന്നും ആരോപിച്ചാണ് പെട്രോള്‍ ഡീലേഴ്സ് പമ്പ് അടച്ചിട്ടിരിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തിന് വഴങ്ങി അടച്ചിടാതെ മാര്‍ഗമില്ലെന്ന് പെട്രോള്‍ പമ്പുടമകള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ടെന്നാണ് കെജരിവാള്‍ പറയുന്നത്. പമ്പ് അടച്ചില്ലെങ്കില്‍ ആദായ നികുതി റെയ്ഡ് നടത്തി പമ്പ് പൂട്ടിക്കുമെന്ന കേന്ദ്ര ഭീഷണിയെ തുടര്‍ന്നാണ് ഉടമകള്‍ പമ്പുകള്‍ വ്യാപകമായി അടച്ചിട്ടതെന്ന് കെജരിവാള്‍ പറഞ്ഞു.

ഈ മാസം 10ന് വാറ്റ് വര്‍ധനക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് ഡല്‍ഹി പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭ്യര്‍ത്ഥന പ്രകാരം 13 സംസ്ഥാനങ്ങള്‍ നികുതി വെട്ടിക്കുറച്ചിരുന്നു. പെട്രോള്‍ പമ്പുകള്‍ അടയ്ക്കുമ്പോള്‍ ഹരിയാനയിലും ഉത്തര്‍പ്രദേശിലും പെട്രോളിനും ഡീസലിനും വില കുറവാണെന്നും അവിടെ നിന്ന് ഇന്ധനം വാങ്ങണമെന്നും ഉപഭോക്താക്കളോട് ഡല്‍ഹി പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നു.

Exit mobile version