ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നടത്തിയത് ഇതിഹാസ പോരാട്ടമെന്നായിരുന്നു മോദിയുടെ അഭിനന്ദന വാചകം. ഭാരത് മാതാ കീ ജയ് എന്നത് രാജ്യത്തെ ഓരോ സൈനികന്റെയും ശപഥമാണ്. ശതകോടി ഇന്ത്യക്കാരെ തലയുയര്‍ത്തി നിര്‍ത്തിയ ഇതിഹാസ പോരാട്ടമാണ് സൈന്യം നടത്തിയത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും സൈനിക ചരിത്രത്തില്‍ ഈ സേവനം സ്മരിക്കപ്പെടുമെന്നും മോദി പറഞ്ഞു.
9 ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറോളം ഭീകരരെ കൊലപ്പെടുത്തി, അവരുടെ വ്യോമാക്രമണം ചെറുത്തു. ഇനി രാജ്യത്തിന് നേരെ ആക്രമണം നടത്താന്‍ തുനിഞ്ഞാല്‍ ഇനി ഒരു മറുപടിയേ ഉള്ളൂ, വിനാശവും മഹാവിനാശവും. പാകിസ്ഥാന്റെ മണ്ണില്‍ ഒളിച്ചിരുന്ന ആ ഭീകരരെ മൂന്ന് സേനകളും ചേര്‍ന്ന് വധിച്ചു. പാക് സേനയെയും വിറപ്പിച്ചു. ഭീകരര്‍ക്ക് ഒളിച്ചിരിക്കാനുള്ള കേന്ദ്രങ്ങള്‍ ഒരുക്കാന്‍ കഴിയില്ല എന്ന് പാക് സൈന്യത്തോടും നിങ്ങള്‍ പറഞ്ഞു. ഇനി പാകിസ്ഥാന് കുറച്ച് കാലം സമാധാനമായി ഉറങ്ങാന്‍ കഴിയില്ല. ഓപ്പറേഷന്‍ സിന്ദൂറിലൂടെ നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം കാത്തു, ഒന്നിപ്പിച്ചു, അതിര്‍ത്തി കാത്തു എന്നും പ്രധാനമന്ത്രി സൈനികരോടായി പറഞ്ഞു.