കന്യകയായ പെണ്‍കുട്ടി സീല്‍ ചെയ്ത കുപ്പി പോലെ; കന്യകയല്ലാത്തവരെ വിവാഹം കഴിക്കുന്നവന്‍ വിഡ്ഢി; അശ്ലീല പരാമര്‍ശവുമായി അധ്യാപകന്‍; നാണക്കേടില്‍ സര്‍വ്വകലാശാല

അതേസമയം, സ്ത്രീ വിരുദ്ധമായ അശ്ലീലപരാമര്‍ശം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഇയാള്‍ പിന്‍വലിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത: പെണ്‍കുട്ടികളെ ഉത്പന്നങ്ങളോട് ഉപമിച്ച് സ്വയം നാണംകെട്ട് ജാദവ്പുര്‍ സര്‍വ്വകലാശാല പ്രൊഫസ്സര്‍ കനക് സര്‍ക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. കന്യകയായ വധു സീല്‍ ചെയ്ത കുപ്പിപോലെയാണെന്നും സീല്‍ പൊട്ടിയ ഉത്പന്നം വാങ്ങാന്‍ ആരെങ്കിലും തയ്യാറാകുമോ എന്നും ഇയാള്‍ കുറിക്കുന്നു. കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന ചെറുക്കന്‍ വിഡ്ഢിയാണെന്നും സര്‍ക്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജാദവ്പുര്‍ സര്‍വ്വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിപ്പിക്കുന്ന അധ്യാപകനാണ് കനക് സര്‍ക്കാര്‍. മനുഷ്യാവകാശ പ്രശ്നങ്ങള്‍, തീവ്രവാദം, ഭരണഘടന, പൊളിറ്റിക്കല്‍ സോഷ്യോളജി എന്നിവയാണ് ഈ അധ്യാപകന്റെ പഠന മേഖല പ്രധാനമായും.

അതേസമയം, സ്ത്രീ വിരുദ്ധമായ അശ്ലീലപരാമര്‍ശം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഇയാള്‍ പിന്‍വലിച്ചിട്ടുണ്ട്. എന്തു കൊണ്ട് കന്യകയായ വധുവായിക്കൂട എന്ന തലക്കെട്ടില്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ‘ആണ്‍കുട്ടികള്‍ വിഡ്ഢികളായി മാറുകയാണ്. അവരൊരിക്കലും കന്യകയായ ഭാര്യമാരെ കുറിച്ച് ബോധവാന്‍മാരല്ല. കന്യകയായ പെണ്‍കുട്ടി സീല്‍ചെയ്ത പാക്കറ്റ് പോലെയോ, കുപ്പി പോലെയോ ആണ്. ശീതളപാനീയമോ, ബിസ്‌ക്കറ്റോ, കുപ്പിയോ സീല്‍ പൊട്ടിയതാണെങ്കില്‍ ആരെങ്കിലും വാങ്ങുമോ? ഒരു പെണ്‍കുട്ടി ജന്മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്. കന്യകയായ സ്ത്രീയെന്ന് പറഞ്ഞാല്‍ അതില്‍ മൂല്യങ്ങളും ലൈംഗിക ശുചിത്വവും സംസ്‌കാരവും എല്ലാം ചേര്‍ന്നിരിക്കുമെന്നും’ ഇയാള്‍ കുറിച്ചു.

സമൂഹമാധ്യമത്തില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം സുപ്രീം കോടതി നല്‍കിയിട്ടുണ്ടെന്ന പറഞ്ഞാണ് സര്‍ക്കര്‍ സംഭവത്തെ ന്യായീകരിക്കുന്നത്. തസ്ലീമ നസ്രിന്‍ ഒരു പ്രത്യേക മതത്തിനെതിരേ സംസാരിച്ചാല്‍ അപ്പോള്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യം, താന്‍ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല. താന്‍ സാമൂഹ്യക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണെന്നും കനക് സര്‍ക്കാര്‍ ന്യായീകരിക്കുന്നു.

ഇതിനിടെ, ജാദവ്പുര്‍ സര്‍വ്വകലാശാല അധ്യാപകര്‍ ഈ പോസ്റ്റിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള മനോഭാവം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ തുറന്നടിച്ചു.

Exit mobile version