സമ്പദ് വ്യവസ്ഥ കുതിപ്പിലേക്ക് എന്നത് കേന്ദ്രത്തിന്റെ തള്ള് മാത്രം; രാജ്യത്തിന്റെ കടബാധ്യത വര്‍ധിക്കുന്നു; പുതിയ ക്ഷേമപദ്ധതികള്‍ ജലരേഖകളാകും

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഗുരുതരമായ ഘട്ടത്തിലെന്ന് സൂചന.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഗുരുതരമായ ഘട്ടത്തിലെന്ന് സൂചന. നിലവിലെ സ്ഥിതിയാണെങ്കില്‍ കടബാധ്യത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപത്തിനുള്ള ഗ്രേഡിങ്ങിലടക്കം രാജ്യത്തിനു തിരിച്ചടിയാവുന്ന നിലയിലാണ് നിലവില്‍ ധനകമ്മി ഉയരുന്നത്. മൊത്തം ജിഡിപിയുടെ 3.3% ആയി കമ്മി ചുരുക്കുകയായിരുന്നു ബജറ്റില്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. മുന്‍വര്‍ഷത്തെ പോലെ, ഇതു 3.5% ആകുമെന്നാണ് നിലവിലെ പ്രവചനങ്ങള്‍.

അതേസമയം, തെരഞ്ഞെടുപ്പു അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിനെ വലയ്ക്കുകയാണ് ഈ കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന മൊത്തം കമ്മി 6.24 ലക്ഷം കോടി രൂപയായിരുന്നു (ജിഡിപിയുടെ 3.3%). എന്നാല്‍, അര്‍ധവാര്‍ഷിക കണക്കില്‍ ഇതു 7.16 ലക്ഷം കോടി രൂപയായി. ലക്ഷ്യമിട്ടതിന്റെ 114.8%. ഇതേ കാലയളവില്‍ കഴിഞ്ഞവര്‍ഷം 112 % ആയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം ധനകമ്മി പ്രതീക്ഷിച്ചതു പോലെ ചുരുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇതു തുടര്‍ന്നാല്‍ കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ വെള്ളത്തിലാകും.

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സ്ഥിതി അത്ര പന്തിയില്ലെന്നു വ്യക്തം. ജിഎസ്ടി വരുമാനത്തിലെ ഇടിവ്, ഇന്ധനവിലയിലെ എക്‌സൈസ് തീരുവയില്‍ വരുത്തിയ കുറവ് എന്നിങ്ങനെ സര്‍ക്കാര്‍ പ്രതീക്ഷിച്ച മേഖലകളില്‍ നിന്നൊന്നും വരുമാനമെത്തുന്നില്ല.

പൊതുമേഖലയുടെ ഓഹരി വില്‍പനയിലൂടെ സര്‍ക്കാര്‍ ഇക്കൊല്ലം സമാഹരിക്കാന്‍ ലക്ഷ്യമിട്ട 80,000 കോടിയില്‍ 15,000 കോടി രൂപ വരെ കുറയുമെന്നാണ് വിലയിരുത്തല്‍. വ്യാവസായിക മേഖലയിലും കാര്യമായ നേട്ടമുണ്ടാകുന്നില്ലെന്നാണ് വിവരം.

Exit mobile version