ട്രാക്കില്‍ പൊലിഞ്ഞത് 61 ജീവനുകള്‍; മരണത്തിന് ഉത്തരവാദികളില്ലെന്ന് എഫ്‌ഐആര്‍; അന്വേഷണത്തില്‍ വീഴ്ച വരുത്തി പോലീസ്

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ ട്രെയിന്‍ ഇടിച്ച് 61 പേര്‍ കൊല്ലപ്പെട്ടിട്ടും അപകടത്തിന് കാരണക്കാരെ കണ്ടെത്താനാകാതെ പോലീസ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അജ്ഞാതരായ ആളുകള്‍ക്കെതിരെ മാത്രം. മരണത്തിനു ഉത്തരവാദികള്‍ ആരെന്ന് പറയുക എളുപ്പമല്ലെന്ന് ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) അമൃത്സര്‍ സ്റ്റേഷന്‍ ഓഫിസര്‍ ബല്‍വിര്‍ സിങ് വ്യക്തമാക്കി.

അതേസമയം, ആരോപണവിധേയരായ സംഘാടകര്‍ പ്രാദേശിക കൗണ്‍സിലര്‍ വിജയ് മദന്‍, മകന്‍ സൗരഭ് മദന്‍ മിതു എന്നിവരെ കാണ്മാനില്ലെന്നും സൂചനയുണ്ട്. ഇവരുടെ വീടിനുനേരെ ശനിയാഴ്ച ജനക്കൂട്ടത്തിന്റെ പ്രതിഷേധമുണ്ടായിരുന്നു. ആക്രമണത്തില്‍ ജനാലകള്‍ തകര്‍ന്നു. ഇതേത്തുടര്‍ന്ന് പോലീസിനെ മേഖലയില്‍ വിന്യസിക്കേണ്ടി വന്നു.

അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരുടെ പേര് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ക്കുമെന്നും ബല്‍വിര്‍ സിങ് പറഞ്ഞു. എഫ്‌ഐആറില്‍ പേരില്ലാത്തതിനാല്‍ ട്രെയിന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമൃത്സറില്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്കു ട്രെയിന്‍ പാഞ്ഞുകയറി 61 പേര്‍ മരിച്ച സംഭവത്തിനു പിന്നാലെ പ്രാദേശിക ഭരണകൂടമോ സംഘാടകരോ ദസറ ആഘോഷത്തെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്നും അപകടത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും പ്രതികരിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി രംഗത്തെത്തി.

ലോക്കോ പൈലറ്റിനെതിരേ നടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജോദാ പഥക്കിലെ അപകടസ്ഥലം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു ലൊഹാനി. രണ്ടു സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം നടന്നത്. മുന്‍നിശ്ചയിച്ചപ്രകാരമുള്ളവേഗതയിലായിരുന്നു ട്രെയിന്‍. ട്രാക്കില്‍ ആളുകള്‍ കയറിനില്‍ക്കുമെന്നു പ്രതീക്ഷിച്ചില്ല. ദസറ ആഘോഷത്തിനായി അനധികൃതമായി ട്രാക്കില്‍ കടന്നുകയറിയതാണ് അപകടകാരണമെന്നും അശ്വനി ലൊഹാനി പറഞ്ഞിരുന്നു.

അപകടത്തെക്കുറിച്ചു മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദ്ദേശം.

Exit mobile version