എസ്പി-ബിഎസ്പി സഖ്യം അഴിമതിക്കും അരാജകത്വത്തിനും വേണ്ടി; ബിജെപി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും ആദിത്യനാഥ്

പ്രതിപക്ഷപാര്‍ട്ടികളുടെ ബിജെപിക്കെതിരായ ഏതുതരത്തിലുള്ള സഖ്യവും രാജ്യത്ത് അഴിമതിയും അരാജകത്വവുമാണ് കൊണ്ടുവരിക

ലക്‌നോ: സമാജ്വാദി പാര്‍ട്ടി-ബിഎസ്പി സഖ്യത്തിനെതിരെ വിമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഴിമതിക്കും അരാജകത്വത്തിനും രാഷ്ട്രീയ അസ്ഥിരതയ്ക്കും വേണ്ടിയുള്ള സഖ്യമാണിതെന്ന് യോഗി ആരോപിച്ചു.

പ്രതിപക്ഷപാര്‍ട്ടികളുടെ ബിജെപിക്കെതിരായ ഏതുതരത്തിലുള്ള സഖ്യവും രാജ്യത്ത് അഴിമതിയും അരാജകത്വവുമാണ് കൊണ്ടുവരിക. പരസ്പരം ബഹുമാനവും സ്‌നേഹവും ഇല്ലാത്തവരാണ് മഹാസഖ്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്. സഖ്യമോ മഹാസഖ്യമോ ഏതായാലും ബിജെപി 2014 ല്‍ നേടിയതില്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ നേടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സഖ്യപ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസിനെയും ബിജെപിയേയും അഖിലേഷ് യാദവും മായാവതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്ന് മായാവതി പറഞ്ഞു. നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ ബിജെപിക്കായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് മുന്‍പ് അടിയന്തരാവസ്ഥ നടപ്പാക്കയെങ്കില്‍ ഇപ്പോള്‍ ബിജെപി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നു പറഞ്ഞ മായാവതി ബൊഫോഴ്‌സാണ് കോണ്‍ഗ്രസിന് വെല്ലുവിളിയായതെങ്കില്‍ റഫാലായിരിക്കും ബിജെപി ഭരണത്തിന്റെ അന്ത്യം കുറിക്കുകയെന്നും തുറന്നടിച്ചു.

Exit mobile version