ശാരദ ചിട്ടിത്തട്ടിപ്പ്; നളിനി ചിദംബരം ഒന്നരക്കോടിയോളം രൂപ കൈപ്പറ്റി, ചിദംബരത്തിന്റെ ഭാര്യയ്‌ക്കെതിരെ സിബിഐ കുറ്റപത്രം

ന്യൂഡല്‍ഹി: ശാരദ ചിട്ടിത്തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ശാരദാ ഗ്രൂപ്പ് കമ്പനി ഉടമകള്‍ നടത്തിയ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ നളിനി ചിദംബരം ഗൂഢാലോചന നടത്തിയെന്നും ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നുമാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.

ശാരദാ ഗ്രൂപ്പ് ഉടമയായ സുദിപ്ത സെന്നിന്റെ തട്ടിപ്പിനെ കുറിച്ച് സെബി അന്വേഷണം നടത്താതിരിക്കാന്‍ 1.4 കോടി രൂപ നളിനി ചിദംബരം കൈപ്പറ്റിയെന്നും 50 പേജുള്ള കുറ്റപത്രത്തിലുണ്ട്. ടിവി ചാനല്‍ ഇടപാടുമായി ബന്ധപ്പെട്ട് നളിനി ചിദംബരം ശാരദാ ഗ്രൂപ്പിന് വേണ്ടി കമ്പനി ലോ ബോര്‍ഡില്‍ ഹാജരായി. ഇതിനായി 1.2 കോടി രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തിലുണ്ട്.

അന്വേഷണ ഏജന്‍സികളായ സെബി, രജിസ്ട്രാര്‍ ഓഫ് കമ്പനിസ് തുടങ്ങിയവയുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായാണ് നളിനി ചിദംബരം 1.4 കോടി രൂപ വാങ്ങിയത്. 2010-2012 കാലയളവിലാണ് പണം വാങ്ങിയത്.
കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്

നളിനി ചിദംബരത്തിന് പുറമെ അനുഭൂതി പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ ലിമിറ്റഡ്, സുദിപ്ത സെന്‍ എന്നിവരുടെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശാരദാ ഗ്രൂപ്പ് 2000 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

Exit mobile version