ജയ് ശ്രീറാം എന്ന് പരീക്ഷാപേപ്പറില്‍ എഴുതിയ വിദ്യാര്‍ഥികളെ വിജയിപ്പിച്ചു: രണ്ട് പ്രൊഫസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

ലഖ്‌നോ: യുപിയില്‍ ജയ് ശ്രീറാം എന്ന് പരീക്ഷാപേപ്പറില്‍ എഴുതിയ വിദ്യാര്‍ഥികളെ ജയിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രൊഫസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ജാവുന്‍പൂരിലാണ് സംഭവം. ജയ് ശ്രീറാമിനൊപ്പം ക്രിക്കറ്റ് താരങ്ങളുടെ പേരുകളുമാണ് വിദ്യാര്‍ഥികള്‍ ഉത്തരപേപ്പറില്‍ എഴുതിയത്. ദിവ്യാന്‍ഷു സിങ് എന്ന മുന്‍ വിദ്യാര്‍ഥി നല്‍കിയ വിവരാവകാശ അപേക്ഷയാണ് ക്രമക്കേട് പുറത്ത് കൊണ്ട് വന്നത്.

വീര്‍ ബഹാദൂര്‍ സിങ് പൂര്‍വാഞ്ചല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്ന ദിവ്യാന്‍ഷു 18 ഫാര്‍മസി വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധന നടത്തണമെന്ന് വിവരാവകാശ അപേക്ഷയിലൂടെ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ അടക്കം നല്‍കിയായിരുന്നു ആവശ്യം ഉന്നയിച്ചത്.

തുടര്‍ന്ന് പ്രൊഫസര്‍മാരായ വിനയ് വര്‍മ്മ, ആശിഷ് ഗുപ്ത എന്നിവര്‍ കൈക്കൂലി വാങ്ങി വിദ്യാര്‍ഥികളെ ജയിപ്പിച്ചുവെന്ന പരാതി ഗവര്‍ണര്‍ക്ക് നല്‍കുകയായിരുന്നു. സത്യവാങ്മൂലം സഹിതമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ദിവ്യാന്‍ഷു സമര്‍പ്പിച്ച തെളിവുകള്‍ പരീക്ഷയിലെ ക്രമക്കേടുകള്‍ പുറത്ത് കൊണ്ട് വരുന്നതായിരുന്നു.

ജയ് ശ്രീറാം എന്നും ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടേയും പേരുകള്‍ ഉത്തരക്കടലാസില്‍ എഴുതിവെച്ചവര്‍ക്ക് 50 ശതമാനത്തിലേറെ മാര്‍ക്ക് നല്‍കി വിജയിപ്പിച്ചതായി കണ്ടെത്തി. തുടര്‍ന്ന് യൂനിവേഴ്‌സിറ്റി ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ 2023 ഡിസംബര്‍ 21ന് ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പരിശോധിച്ചതില്‍ ക്രമക്കേട് കണ്ടെത്തുകയും രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.

Exit mobile version