‘ക്ലാസിലേക്ക് ചിലപ്പോള്‍ ആന വരും, മറ്റ് ചിലപ്പോള്‍ വിമാനം പറന്നിറങ്ങും’; ക്ലാസ്സ് എടുക്കുന്നത് സൗരയൂഥത്തിലിരുന്ന്; വേറിട്ട ഓണ്‍ലൈന്‍ ക്ലാസ്സുമായി മലപ്പുറത്തെ ഈ യുപി സ്‌കൂള്‍-വീഡിയോ

മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കുട്ടികളുടെ വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ ക്ലാസ്സ് മുറികളില്‍ നിന്ന് കമ്പ്യൂട്ടറിന്റെയും ടിവിയുടെയും സ്‌ക്രീനിലേക്ക് ക്ലാസ് മാറിയപ്പോള്‍ കുട്ടികള്‍ കുറേ ഒക്കെ മടിയന്മാരായിട്ടുണ്ട്. ടിവിക്ക് മുന്നില്‍ ഇരിക്കുമ്പോഴും ചില വിരുതന്മാരുടെ ശ്രദ്ധ അധ്യാപകര്‍ പഠിപ്പിക്കുന്ന കാര്യങ്ങളിലാകില്ല.

കളികളിലും മറ്റ് കാര്യങ്ങളിലുമാകും ശ്രദ്ധ. എന്നാല്‍ കുട്ടികളെ മടുപ്പിക്കാത്ത രീതിയില്‍ ആകര്‍ഷകമായ തരത്തില്‍ എങ്ങനെ ഓണ്‍ലൈന്‍ ക്ലാസ്സ് എടുക്കാമെന്ന ടെക്ക്‌നിക്കുമായി രംഗത്ത് വന്നിരിക്കുകയാണ് മലപ്പുറത്തെ ഒരു യുപി സ്‌കൂള്‍. ഓണ്‍ലൈന്‍ ക്ലാസുമായി ടീച്ചര്‍മാര്‍ വരുമ്പോള്‍ അവര്‍ക്കൊപ്പം ദൃശങ്ങളിലേക്ക് വരുന്നത് പഠിപ്പിക്കുന്ന വിഷയങ്ങളോടനുബന്ധിച്ച രൂപങ്ങളാണെന്നതാണ് ഇവിടുത്തെ പ്രത്യേകത.

ചിലപ്പോള്‍ ആന, മറ്റ് ചിലപ്പോള്‍ ബഹിരാകാശ യാത്രികന്‍, പശു, സൗരയൂഥം, തുടങ്ങി പഠിപ്പിക്കുന്ന വിഷയങ്ങള്‍ എന്തും അധ്യാപകര്‍ക്കൊപ്പം ക്ലാസ്സ് റൂമില്‍ എത്തും. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകളാണ് സ്‌കൂളിലെ ഈ പുതിയ പഠന രീതിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പഠനം ഓണ്‍ലൈന്‍ ക്ലാസുകളെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിനോടൊപ്പം കൂട്ടികള്‍ക്ക് കൂടുതല്‍ വിശദമായ പഠനത്തിനും ക്ലാസുകള്‍ സഹായിക്കും എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ നടപടി.

സ്‌കൂളിലെ ശ്യാം എന്ന അദ്ധ്യാപകന്റെ ആശയമാണ് വിര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകള്‍ക്ക് പിന്നിലുള്ളത്. നടന്‍ സണ്ണിവെയിന്‍ സ്‌കൂളിലെ ക്ലാസ്സ് റൂം വിശേഷങ്ങള്‍ അറിയിച്ചു കൊണ്ടുള്ള വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെയാണ് കൂടുതല്‍ ആളുകള്‍ സ്‌കൂളിന്റെ വിശേഷങ്ങളറിഞ്ഞ് തുടങ്ങിയത്

Exit mobile version