ഡിജിപിയ്ക്കും ഭാര്യയ്ക്കും വിമാനത്തില്‍ ചാരിക്കിടക്കാന്‍ പറ്റിയില്ല: വിമാനക്കമ്പനി 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ന്യൂഡല്‍ഹി: ഡിജിപിയ്ക്കും ഭാര്യയ്ക്കും വിമാനത്തില്‍ ചാരിക്കിടക്കാന്‍ പറ്റാതിരുന്നതിനെ തുടര്‍ന്ന് വിമാനക്കമ്പനി രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. തെലങ്കാന ഡിജിപി വി ഗുപ്തയ്ക്കും ഭാര്യ അഞ്ജലിയ്ക്കുമാണ് വിമാന യാത്രയ്ക്കിടെ ബുദ്ധിമുട്ടുണ്ടായത്.

ബിസിനസ് ക്ലാസ് ടിക്കറ്റില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്തപ്പോഴാണ് സംഭവം. വിമാനത്തിലെ ചാരിക്കിടക്കാവുന്ന സീറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നു. ഒരു രാത്രി മുഴുവന്‍ ഇരുവര്‍ക്കും ബുദ്ധിമുട്ട് നേരിട്ടുവെന്നാണ് കേസ്. ഈ അസൗകര്യത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്.

കഴിഞ്ഞ വര്‍ഷം മേയ് 23ന് ഹൈദരാബാദില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിലാണ് ബുദ്ധിമുട്ട് നേരിട്ടത്. എയര്‍ലൈന്‍സില്‍ പരാതിപ്പെട്ടെങ്കിലും 10,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചപ്പോള്‍ ടിക്കറ്റ് തുകയായ 97,500 രൂപ 12% പലിശ സഹിതം തിരിച്ചുനല്‍കാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.

Exit mobile version