‘നന്ദി, ഒരു പാഠം പഠിപ്പിച്ച് തന്നതിന്’ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ ഗായിക ശ്രേയ ഘോഷാല്‍; മാപ്പ് പറഞ്ഞ് ‘തടിയൂരി’ എയര്‍ലൈന്‍സ്

സംഭവം ഇതിനോടകം തന്നെ വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്.

ന്യൂഡല്‍ഹി: സംഗീത ഉപകരണവുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത ഗായിക ശ്രേയാ ഘോഷാല്‍. ട്വിറ്ററിലൂടെയാണ് വിമര്‍ശനവുമായി താരം രംഗത്തെത്തിയത്. ”സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് സംഗീതജ്ഞരോ അല്ലെങ്കില്‍ സംഗീത ഉപകരണങ്ങള്‍ കൈവശമുള്ളവരോ അവരുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നത് താത്പര്യമില്ലെന്ന് തോന്നുന്നു. എന്തായാലും നന്ദി.. പാഠം പഠിച്ചു”- ശ്രേയ ട്വിറ്ററില്‍ കുറിച്ചു.

സംഭവം ഇതിനോടകം തന്നെ വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ മാപ്പപേക്ഷയുമായി തടിയൂരാനുള്ള ശ്രമം നടത്തുകയാണ് എയര്‍ലൈന്‍സ്. ഹലോ ശ്രേയ, ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതരില്‍ നിന്നും ചോദിച്ചറിയുന്നതാണ്”- സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കുറിച്ചു. ട്വിറ്ററിലൂടെയായിരുന്നു മാപ്പപേക്ഷ.

സംഭവത്തില്‍ ശ്രേയയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ ഇത്തരമൊരു നടപടി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ഏറ്റവും മികച്ച സര്‍വീസ് നല്‍കുന്ന എയര്‍ലൈനുകളില്‍ ഒന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സെന്നും ഖേദ പ്രകടനം നടത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.

Exit mobile version