മരണം കവര്‍ന്നിട്ടും വെളിച്ചം പകര്‍ന്ന് അനശ്വരന്‍: ഡാനിയല്‍ ബാലാജിയുടെ കണ്ണുകള്‍ ദാനം ചെയ്തു

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ് നടന്‍ ഡാനിയല്‍ ബാലാജിയുടെ അപ്രതീക്ഷിത വിയോഗം. മരണ ശേഷവും തന്റെ കണ്ണുകളിലൂടെ മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്ന് ജീവതത്തിലും ഹീറോ ആയിരിക്കുകയാണ് ബാലാജി. മരണ ശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന അദ്ദേഹത്തിന്റെ പ്രതിജ്ഞയും അവസാന ആഗ്രഹവുമാണ് സഫലമായിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ബാലാജിയുടെ മരണം. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരത്തോടെ നില അതിവേഗം വഷളാവുകയായിരുന്നു. പിന്നാലെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. തമിഴ് സിനിമാ ലോകത്തേയും ആരാധകരേയും ഞെട്ടിച്ചാണ് ബാലാജിയുടെ വിയോഗ വാര്‍ത്ത എത്തിയത്. ഗൗതം മേനോന്‍, അമീര്‍, വെട്രിമാരന്‍ തുടങ്ങി സിനിമാ ലോകത്തു നിന്നും നിരവധിപേരാണ് അദ്ദേത്തിന് ആദരാഞ്ജലി നേരാനും കുടുംബത്തെ ആശ്വസിപ്പിക്കാനും വേണ്ടി ഓടിയെത്തുന്നത്. മൃതദേഹം ചെന്നൈയിലെ പുരസൈവാക്കത്തുള്ള വസതിയില്‍ സംസ്‌കരിച്ചു.

ടെലിവിഷനിലൂടെയാണ് ബാലാജി ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് സീരിയല്‍ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. റിലീസ് ചെയ്തിട്ടില്ലാത്ത കമല്‍ഹാസന്റെ ഹിസ്റ്റോറിക്കല്‍ ഡ്രാമ മരുതനായകത്തിന്റെ പ്രൊഡക്ഷന്‍ മാനേജറായിട്ടായിരുന്നു ഡാനിയല്‍ ബാലാജിയുടെ സിനിമാ രംഗത്തേക്കുള്ള വരവ്. 2006ല്‍ പുറത്തിറങ്ങിയ വേട്ടയാട് വിളയാടില്‍ ശ്രദ്ധേയമായ വേഷം ലഭിച്ചു.

2004ല്‍ ബ്ലാക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും വരവറിയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ‘ഭഗവാന്‍’ എന്ന ചിത്രത്തിലും ഡാഡി കൂള്‍ എന്ന ചിത്രത്തിലും വില്ലനായും അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങള്‍ ഡാനിയല്‍ ബാലാജി ചെയ്തിട്ടുണ്ട്. മിത്രന്‍ ആര്‍. ജവഹര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘അറിയവന്‍’ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Exit mobile version