സാമ്പത്തികം മാത്രമല്ല സംവരണത്തിന്റെ മാനദണ്ഡം! സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി നല്‍കിയത്. സാമ്പത്തികം മാത്രമല്ല സംവരണത്തിന്റെ മാനദണ്ഡമെന്നും, സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്ന ബില്ല് ലോക്‌സഭക്ക് പിന്നാലെ കഴിഞ്ഞ ദിവസം രാജ്യ സഭയും പാസാക്കിയിരുന്നു. ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേര്‍ മാത്രമാണ് രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കിയാണ് സാമ്പത്തിക സംവരണം കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നാക്കവോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഈ നീക്കം.

Exit mobile version