പൗരത്വ നിയമം; രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് എതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പൗരത്വനിയമ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ.

പൗരത്വ നിയമം ഭരണഘടനാപരം ആണെന്ന് പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ പരാമര്‍ശം. അഭിഭാഷകന്‍ വിനീത് ദണ്ഡയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

രാജ്യം കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. സമാധാനമാണ് ആദ്യം വേണ്ടതെന്നും ഇതിന് സഹായിക്കുനതല്ല ഹര്‍ജിയെന്നും ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി താന്‍ ആദ്യമായി കാണുകയാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പടുവിക്കേണ്ടതല്ലെന്ന് നിയമം പഠിക്കുന്നവര്‍ക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കലായിരിക്കണം എല്ലാവരുടെയും ലക്ഷ്യമെന്നും ഇത്തരം ഹര്‍ജികള്‍ അതിന് സഹായകരമാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Exit mobile version