ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ്: മൂന്ന് നഴ്‌സ്മാരെ പിരിച്ചുവിട്ടു

റായ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ് ചെയ്ത മൂന്നു നഴ്‌സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്പൂര്‍ നഗരത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരി 5നാണ് വീഡിയോ ചിത്രീകരിച്ചത്. റായ്പൂരിലെ ദൗ കല്യാണ്‍ സിംഗ് പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ നഴ്‌സുമാരെയാണ് പുറത്താക്കിയത്.

ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ് റീല്‍സ് ചെയ്തത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും നിരോധനമുണ്ട്.

നഴ്‌സുമാര്‍ ഡാന്‍സ് ചെയ്യുന്നത് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. റീല്‍സ് ചെയ്യുന്നത് എതിര്‍ത്ത സീനിയര്‍ നഴ്സിനോടും ഇവര്‍ മോശമായി പെരുമാറിയെന്നാണ് വിവരം. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ പരാതി ലഭിക്കുകയും ഉടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഹേമന്ത് ശര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു.

Exit mobile version