‘വധശിക്ഷ വിധിച്ച എട്ട് ഇന്ത്യൻ നാവികരുടെ മോചനം ഷാരൂഖ് ഖാന്റെ ഇടപെടൽ കാരണം’: സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡൽഹി: ഖത്തറിൽ തടവിലായിരുന്ന എട്ട് ഇന്ത്യൻ നാവികർക്ക് മോചനം ലഭിച്ചതിന് പിന്നിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ എന്ന് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി. വധശിക്ഷയിൽനിന്ന് ഇളവുലഭിച്ച ഏഴ് നാവികർ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. ഇതിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സഹായം തേടിയെന്നാണ് പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പിന് താഴെയായി സുബ്രഹ്‌മണ്യം സ്വാമി കുറിച്ചിരിക്കുന്നത്.

മുൻനാവികരെ വിട്ടയക്കാൻ ഖത്തർ ഷെയ്ഖുമാരെ സ്വാധീനിക്കുന്നതിൽ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജൻസിയും പരാജയപ്പെട്ടുവെന്നും അദ്ദേഹം പരോക്ഷമായി കുറ്റപ്പെടുത്തുകയാണ് റീട്വീറ്റിലൂടെ. പ്രധാനമന്ത്രി ഖത്തറും യുഎഇയും സന്ദർശിക്കുന്നത് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു സുബ്രഹ്‌മണ്യൻ സ്വാമിയുടെ കമന്റ്.

representing image

‘ഖത്തർ ഷെയ്ഖുമാരിൽ സ്വാധീനം ചെലുത്തുന്നതിൽ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജൻസിയും പരാജയപ്പെട്ടപ്പോൾ, വിലയേറിയ ഒത്തുതീർപ്പിലൂടെ നമ്മുടെ നാവികരെ മോചിപ്പിക്കാൻ ഇടപെട്ട സിനിമതാരം ഷാറൂഖ് ഖാനേയും മോഡി ഖത്തർ സന്ദർശനത്തിൽ കൂടെക്കൂട്ടണം’, എന്നാണ് സുബ്രഹ്‌മണ്യൻ സ്വാമി കുറിച്ചത്.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അലത്താനിയാണ് എട്ട് മുൻ നാവികരെ വിട്ടയക്കാൻ തീരുമാനിച്ചത്. ഇതോടെ മലയാളി ഉൾപ്പെടെ ഏഴുപേർ തിങ്കളാഴ്ച പുലർച്ചെ ഇന്ത്യയിലെത്തി. ക്യാപ്റ്റൻ നവ്‌തേജ് സിങ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, കമാൻഡർ അമിത് നാഗ്പാൽ, തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന നാവികൻ രാകേഷ് ഗോപകുമാർ എന്നിവരാണ് തിരിച്ചെത്തിയത്. വൈകാതെ തന്നെ ദോഹയിൽ തുടരുന്ന കമാൻഡർ പൂർണേന്ദു തിവാരിയും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.

also read- അഞ്ച് മക്കളേയും കൂട്ടി ഭിക്ഷാടനത്തിന് ഇറങ്ങും; യുവതി സമ്പാദിച്ചത് ഇരുനില വീടും, കാറും; മാസം 2 ലക്ഷത്തോളം വരുമാനം: ഞെട്ടി പോലീസ്

ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്‌റയിൽ ജോലിചെയ്യവേയാണ് ഇവർ പിടിയിലായത്. ദുബായിൽനടന്ന കോപ്-28 ഉച്ചകോടിയിൽ വെച്ച് മോഡി ഇവരുടെ മോചനം സംബന്ധിച്ച് ചർച്ചനടത്തിയെന്നാണ് പുറത്തെത്തുന്ന വിവരങ്ങൾ. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഖത്തർ അധികൃതരുമായുള്ള ചർച്ചകളിൽ വലിയ പങ്കുവഹിച്ചതായും വാർത്തകളുണ്ടായിരുന്നു.

എന്നാൽ നാവികരുടെ മോചനത്തിന് പിന്നിൽ നടന്ന നയതന്ത്രം സംബന്ധിച്ച് വിവരങ്ങളൊന്നും ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല. മോചനമാണോ മാപ്പ് നൽകിയതാണോ എന്നതല്ല നാവികർ ഇന്ത്യയിലെത്തിയതാണ് ചർച്ച ചെയ്യേണ്ടതെന്ന നിലപാടിലാണ് വിദേശകാര്യ മന്ത്രാലയം.

Exit mobile version