കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ ബിജെപിയില്‍

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന അശോക് ചവാന്‍ ബിജെപിയില്‍ അംഗത്വമെടുത്തു. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി പ്രതിനിധിയായി അശോക് ചവാന്‍ നാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പ്രചോദനമെന്നും രാഷ്ട്രീയ ജീവിതത്തില്‍ പുതിയ യാത്രയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും അംഗത്വം സ്വീകരിച്ച ശേഷം അശോക് ചവാന്‍ പറഞ്ഞു. ഈ മാസം 27-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അശോക് ചവാനെ മുന്‍നിര്‍ത്തി ബിജെപി കരുക്കള്‍ നീക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2008-2010 കാലയളവിലാണ് അശോക് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. തിങ്കളാഴ്ചയാണ് അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടത്. എംഎല്‍എ സ്ഥാനവും രാജിവെച്ചിരുന്നു. അശോക് ചവാനോടൊപ്പമുള്ള കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ എത്തുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന് ജയസാധ്യതയുള്ള ഏക സീറ്റുപോലും നഷ്ടപ്പെടാവുന്ന സാഹചര്യമാണ്. സ്ഥിതി വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് എംഎല്‍എമാരുടെ യോഗം ചേരും.

Exit mobile version