മേഘാലയ ഖനി അപകടം: 15 തൊഴിലാളികളും മരിച്ചു; കുടുങ്ങിയവരെ ജീവനോടെ പുറത്തെടുക്കാനല്ല സര്‍ക്കാര്‍ രക്ഷാസംഘങ്ങളുടെ സഹായം തേടിയതെന്നും റിപ്പോര്‍ട്ട്

ഈസ്റ്റ് ജയന്തിയ കുന്നുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ കഴിഞ്ഞ ഡിസംബര്‍ 13ന് ദേശീയ ദുരന്ത നിവാരണ സേനയുടെ കമാന്റന്റിന് അയച്ച കത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെടുന്നത്

ഖനി അപകടത്തില്‍ 15 തൊഴിലാളികളും മരിച്ചെന്ന് മേഘാലയ സര്‍ക്കാര്‍. മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ എന്‍ഡിആര്‍എഫിന് കത്ത് അയച്ചു. മേഘാലയ ഖനിയില്‍ കുടുങ്ങിയവരെ ജീവനോടെ പുറത്തെടുക്കാനല്ല മേഘാലയ സര്‍ക്കാര്‍ രക്ഷാ സംഘങ്ങളുടെ സേവനം തേടിയതെന്ന റിപ്പോര്‍ട്ട് പുറത്ത്.

ഈസ്റ്റ് ജയന്തിയ കുന്നുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ കഴിഞ്ഞ ഡിസംബര്‍ 13ന് ദേശീയ ദുരന്ത നിവാരണ സേനയുടെ കമാന്റന്റിന് അയച്ച കത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അപകടത്തില്‍ പെട്ടവരെ കണ്ടെത്തുക പ്രായോഗികമാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇതേ ഡപ്യൂട്ടി കമ്മീഷണര്‍ റവന്യൂ സെക്രട്ടറിക്കയച്ച കത്തും പുറത്തു വന്നിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അപകടത്തില്‍ പെട്ടവരുടെ കാര്യത്തില്‍ നടത്തുന്ന രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് മേഘാലയ സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

അതേസമയം ജില്ലാ ഭരണകൂടം അയച്ച എഴുത്തുകളിലാണ് ഖനിയിലകപ്പെട്ട 15 പേര്‍ മരിച്ചുവെന്ന് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് കത്തുകളെങ്കിലും പുറത്ത് വന്നിട്ടുണ്ട്. അടിയന്തര രക്ഷാ പ്രവര്‍ത്തനം വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ സേനക്ക് അയച്ച കത്ത് ആധുനിക ആശയവിനിമയ രീതികള്‍ ലഭ്യമായ ഇക്കാലത്ത് സാധാരണ തപാലിലൂടെയാണ് ഈസ്റ്റ് ജയന്തിയ കുന്നുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ എഫ്.എം ദോപ് അയച്ചത്.

ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ച ഖനന സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഖനിയില്‍ അപകടത്തില്‍ പെട്ടവരെ കണ്ടെത്തുക ഒട്ടും എളുപ്പമല്ലെന്നും ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ അവര്‍ക്കു വേണ്ടി വ്യാപകമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് ആശാസ്യമാവില്ലെന്നും റവന്യൂ സെക്രട്ടറിക്ക് അയച്ച കത്തില്‍ ദോപ് വിശദീകരിക്കുന്നുണ്ട്.

Exit mobile version