മന്ത്രവാദം നടത്തിയെന്ന് സംശയം; 80 കാരനെ ജീവനോടെ കുഴിച്ചുമൂടി ബന്ധുക്കള്‍,എട്ട് പേര്‍ അറസ്റ്റില്‍

വെസ്റ്റ് ഗാരോ ഹില്‍: മന്ത്രവാദം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് 80 കാരനെ ജീവനോടെ കുഴിച്ചുമൂടി. മോറിസ് മംഗര്‍ എന്നയാളെയാണ് ബന്ധുക്കള്‍ ജീവനോടെ കുഴിട്ടുമൂടിയത്. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്ലില്‍ ആണ് കൊടും ക്രൂരത നടന്നത്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ മോറിസ് മംഗറിന്റെ മരുമക്കളാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗബാധിതനായിരുന്ന മോറിസ് മന്ത്രവാദം അഭ്യസിച്ചതായും മരുമകള്‍ക്ക് നേരെ മന്ത്രം ചൊല്ലിയെന്നും ആരോപിച്ചാണ് അദ്ദേഹത്തെ ജീവനോടെ കുഴിച്ചുമൂടിയത്.പോസ്റ്റുമോര്‍ട്ടത്തിനു വേണ്ടി അഞ്ചടി താഴ്ചയുള്ള ഒരു കുഴിയില്‍ നിന്ന് പോലീസ് മൃതദേഹം പുറത്തെടുത്തു. കൈകാലുകള്‍ കെട്ടി, കാലുകള്‍ ചാക്കില്‍ പൊതിഞ്ഞ് മുഖം മൂടിയ നിലയിലായിരുന്നു മൃതദേഹം.

‘മന്ത്രവാദികള്‍’ എന്ന് മുദ്രകുത്തുകയും അവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന രീതി വടക്കുകിഴക്കന്‍ ഭാഗത്തെ മേഘാലയയിലെ ചില ഭാഗങ്ങളിലും അസമിലും പ്രചാരത്തിലുണ്ട്. കഴിഞ്ഞയാഴ്ച, അസമിലെ കാര്‍ബി ആംഗ്ലോംഗ് ജില്ലയിലെ ഒരു സ്ത്രീയെയും പുരുഷനെയും ”ബ്ലാക്ക് മാജിക്” പ്രയോഗിച്ചുവെന്ന് സംശയിച്ച് അയല്‍ക്കാര്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

Exit mobile version