പൗരത്വ ഭേദഗതി ബില്‍: കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി പാളയത്തില്‍ പട; ബില്ലില്‍ പ്രതിഷേധിച്ച് ബിജെപി വക്താവ് രാജിവെച്ചു

ഗുവാഹത്തി: ഏറെ ഒച്ചപ്പാടുണ്ടാക്കിയ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആസാം വക്താവായ മെഹ്ദി ആലം ബോറ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.

ബില്‍ ആസാമിന് ആപത്താണ്. പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നു. രാജ്യത്തിന്റെ മതേതര ഘടനയെ തകര്‍ക്കുന്നതാണ് നീക്കമെന്നും ബോറ രാജിക്കത്തില്‍ പറഞ്ഞു. ബില്ലില്‍ പ്രതിഷേധിച്ച് ആസമിലെ എന്‍ഡിഎ ഘടകകക്ഷിയായ ആസാം ഗണ പരിഷദ് നേരത്തെ, മുന്നണി വിട്ടിരുന്നു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ ഇന്ന് പാസാക്കിയിരുന്നു. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക പൗരത്വം നല്‍കുമെന്നാണ് വ്യവസ്ഥ.

Exit mobile version