രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ: നാല് പേര്‍ കസ്റ്റഡിയിലെന്ന് സൂചന

ന്യൂഡല്‍ഹി: ബോളിവുഡ് നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നാല് പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. വീഡിയോ അപ്ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ മാതൃകമ്പനിയായ ‘മെറ്റ’യോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. വീഡിയോ അപ്ലോഡ് ചെയ്യുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ഇനിയും സോഷ്യല്‍ മീഡിയ കമ്പനികള്‍ തയ്യാറായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

ഡീപ്ഫേക്ക് വീഡിയോകള്‍ നിര്‍മ്മിച്ചവര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നവംബര്‍ പത്തിനാണ് ഡല്‍ഹി പോലീസ് സംഭവത്തില്‍ കേസെടുത്തത്. ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡീപ്‌ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിയായ 19-കാരനെ നേരത്തെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഡീപ്‌ഫേക്ക് വീഡിയോ ആദ്യം അപ്ലോഡ് ചെയ്തവരിലൊരാള്‍ ഇയാളാണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എന്നാല്‍ മറ്റൊരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ഡൗണ്‍്ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് 19കാരന്‍ മൊഴി നല്‍കിയത്. ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ഇന്‍ഫ്ളുവന്‍സറായ സാറ പട്ടേലിന്റെ വിഡിയോയാണ് മോര്‍ഫ് ചെയ്ത് രശ്മിക മന്ദാനയുടേത് പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്നാണ് പോലീസ് ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

Exit mobile version