ആസാമിലും യുപിയിലും വെള്ളം കുടിച്ച് ബിജെപി; ഗണപരിഷത്തിന് പിന്നാലെ എസ്ബിഎസ്പിയും അപ്‌നാദളും എന്‍ഡിഎ വിട്ടു; സഖ്യ കക്ഷികളോട് ബിജെപിക്ക് നിഷേധാത്മക നിലപാടെന്ന് ആരോപണം

ലഖ്‌നൗ: ആസാമിലെ എന്‍ഡിഎയയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത്ത് (എജിപി) എന്‍ഡിഎ വിട്ടതിന് പിന്നാലെ യുപിയിലും ബിജെപിക്ക് കനത്തതിരിച്ചടി.

ചെറു കക്ഷികളോടുള്ള ബിജെപിയുടെ നിഷേധാത്മക നിലപാട് മാറ്റിയില്ലെങ്കില്‍ സഖ്യം ഉപേക്ഷിച്ചിരിക്കുമെന്ന് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും അപ്‌നാ ദളും അറിയിച്ചിരിക്കുകയാണ്. ഒബിസി ക്വാട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്ന തങ്ങളുടെ ആവശ്യം നടപ്പിലാക്കാന്‍ 100 ദിവസത്തെ സമയമായിരുന്നു എസ്ബിഎസ്പി അധ്യക്ഷനും പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ബാര്‍ ബിജെപി നല്‍കിയിരുന്നത്. മോഡി വഴങ്ങിയില്ലെങ്കില്‍ 80 ശതമാനം ലോക്‌സഭാ സീറ്റിലും തനിച്ച് മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ഇതിന് പിന്നാലെയാണ് അപ്‌നാദള്‍ കോര്‍ഡിനേറ്ററും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേലും ബിജെപിക്കെതിരെ രംഗത്തെത്തിയത്. ബിജെപി നേതൃത്വം തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ചു മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് തങ്ങള്‍ക്ക് പോകേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ബിജെപിക്ക് ചെറുപാര്‍ട്ടികളെ ആവശ്യമെന്നും അനുപ്രിയ പട്ടേല്‍ കുറ്റപ്പെടുത്തി.

Exit mobile version