’15 മിനിറ്റിനുള്ളില്‍ നാല് മുസ്ലിംകളെ കൊന്ന ലോക റെക്കോര്‍ഡ്’: മാതാവും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവം ആഘോഷിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്, കേസ്

മുംബൈ: ഉഡുപ്പിയില്‍ മാതാവും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവം ആഘോഷിച്ച് പോസ്റ്റിട്ട ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്തു. ഉഡുപ്പി തൃപ്തി നഗറില്‍ ഒരു മുസ്ലിം കുടുംബത്തിലെ നാല് പേരെയാണ് കൊലപ്പെടുത്തിയത്. എയര്‍ ഇന്ത്യയില്‍ കാബിന്‍ ക്രൂവായ പ്രവീണ്‍ അരുണ്‍ ചൗഗുലെ(35)യാണ് പ്രതി.

പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്സാന്‍, ഐനാസ്, അസീം എന്നിവരെയാണ് ചൗഗുലെ കൊന്നത്. നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രതിയുടെ വ്യക്തിവിരോധമാണെന്നാണ് പോലീസ് അറിയിച്ചിരുന്നത്. മഹാരാഷ്ട്ര സ്വദേശിയായ പ്രതിയെ 14ാം തിയ്യതിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12ാം തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കൊലപാതകം ആഘോഷിച്ച ‘ഹിന്ദു മന്ത്ര’ hindu_mantra_ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്. കൊലപാതകം ആഘോഷിക്കുകയും പ്രതികളെ മഹത്വവത്ക്കരിക്കുകയും ചെയ്‌തെന്ന പേരില്‍ ഉഡുപ്പി സൈബര്‍ ഇക്കണോമിക് ആന്‍ഡ് നാര്‍ക്കോട്ടിക് ക്രൈം പോലീസാണ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ’15 മിനിറ്റിനുള്ളില്‍ നാല് മുസ്ലിംകളെ കൊന്ന ലോക റെക്കോര്‍ഡ് നേടി’ എന്നാണ് ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്.

വിവാദ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഒരു പ്രത്യേക സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും നാലു കൊലപാതകങ്ങള്‍ നടത്തിയ കേസിലെ പ്രതിയെ പ്രശംസിക്കുകയും ചെയ്‌തെന്നാണ് കേസ്. തലയില്‍ കിരീടവുമായുള്ള പ്രതി ചൗഗുലെയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version