സംഗീതജ്ഞയും പത്മശ്രീ ജേതാവുമായ ലീല ഓംചേരി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത സംഗീതജ്ഞയും കലാ ഗവേഷകയും പത്മശ്രീ ജേതാവുമായ ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടര്‍ന്ന് ലീല ചികിത്സയിലായിരുന്നു.

അധ്യാപികയായിരുന്നു ലീല. നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ളയാണ് ഭര്‍ത്താവ്. 2009 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1990 ല്‍ കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പും യുജിസി നാഷണല്‍ അസോസിയേറ്റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ക്ലാസിക്കല്‍ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങള്‍ ലീല ഓം ചേരി രചിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായി ജനിച്ച ലീല ഓം ചേരി പ്രശസ്ത ഗായകന്‍ പരേതനായ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ്.

Exit mobile version