ട്രെയിന്‍ മുന്നറിയിപ്പില്ലാതെ വൈകി, കമ്പനി മീറ്റിങ് മിസ്സായി: യുവാവിന് അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വ്യക്തിക്ക് ദക്ഷിണ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജറായ കാര്‍ത്തിക് മോഹനാണ് പരാതിക്കാരന്‍. ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് 13 മണിക്കൂര്‍ വൈകിയത് കാരണം കാര്‍ത്തിക്കിനുണ്ടായ അസൗകര്യത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.

ചെന്നൈയില്‍ നടന്ന കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ആലപ്പുഴ- ചെന്നൈ എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയിന്‍ 13 മണിക്കൂര്‍ വൈകിയേ യാത്ര തുടങ്ങൂ എന്നറിയുന്നത്. ഇതേ തുടര്‍ന്ന് കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക നഷ്ടമുണ്ടായി. കൂടാതെ മറ്റു യാത്രക്കാരെയും നീറ്റുള്‍പ്പടെയുള്ള പരീക്ഷകളുമെഴുതാന്‍ തയ്യാറായി വന്ന വിദ്യാര്‍ഥികളെയും ട്രെയിനിന്റെ വൈകിയത് ദുരിതത്തിലാക്കി.

ഈ സാഹചര്യത്തിലാണ് കാര്‍ത്തിക് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്. യാത്രയുടെ ഉദ്ദേശം പരാതിക്കാരന്‍ മുന്‍കൂട്ടി അറിയിച്ചില്ലെന്നും അത് അനുസരിച്ചുള്ള മുന്‍കരുതലെടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നുമായിരുന്ന റെയില്‍വെയുടെ വാദം. എന്നാല്‍ റെയില്‍വെയുടെ പ്രതിരോധത്തെ പാടെ തള്ളിയ കോടതി അറുപതിനായിരം രൂപ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.

റെയില്‍വെയുടേത് നിരുത്തരവാദപരമായ സമീപനമാണെന്നും യാത്രക്കാരോട് പ്രതിബദ്ധതയില്ലെന്നും ഈ സാഹചര്യത്തില്‍ കൂടിയാണ് നഷ്ടപരിഹാരം ഈടാക്കിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അമ്പതിനായിരം രൂപ കാര്‍ത്തിക് മോഹനും പതിനായിരം രൂപ കോടതിയുടെ ചെലവിനത്തിലേക്ക് കെട്ടിവെക്കാനുമാണ് നിലവിലെ നിര്‍ദ്ദേശം. ഈ മാസം 30-നകം തുക നല്‍കണം,

Exit mobile version