കര്‍ണാടകത്തില്‍ മനുഷ്യ ജീവനുകള്‍ എടുത്ത് കുരങ്ങുപനി; ഇതുവരെ മരണം അഞ്ച്, ശിവമോഗയില്‍ മാത്രം പനി സ്ഥിരീകരിച്ചത് 15 പേര്‍ക്ക്

കുരങ്ങുപനി ഭീഷണിയെ തുടര്‍ന്ന് രണ്ടായിരത്തിലധികം പേര്‍ക്ക് ഇതിനോടകം പ്രതിരോധ വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ബംഗളൂരു: കര്‍ണാടകയില്‍ മനുഷ്യ ജീവനുകള്‍ എടുത്ത് കുരങ്ങുപനി വ്യാപകമാകുന്നു. അഞ്ച് പേര്‍ പനി ബാധിച്ച് മരിച്ചതായാണ് വിവരം. ശിവമോംഗയില്‍ മാത്രം 15ഓളം പേര്‍ക്കാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. സാഗര്‍ താലൂക്കില്‍ നിന്നുള്ളവരാണ് മരിച്ചത്.

കുരങ്ങുപനി ഭീഷണിയെ തുടര്‍ന്ന് രണ്ടായിരത്തിലധികം പേര്‍ക്ക് ഇതിനോടകം പ്രതിരോധ വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കുരങ്ങുപനി ബാധിച്ച് ഡിസംബറിലും രണ്ട് പേര്‍ മരിച്ചിരുന്നു. അതേസമയം പനി വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി ഗ്രാമവാസികളും രംഗത്തെത്തി.

ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥയാണ് രോഗം വ്യാപിക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍ ആവശ്യമായ എല്ലാ പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിച്ചു. ശിവമോഗയ്ക്കടുത്തുള്ള വനമേഖലയില്‍ അമ്പതിലധികം കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടിരുന്നു. തുടര്‍ന്ന് വനമേഖലയിലേക്കുള്ള വിനോദസഞ്ചാരം അധികൃതര്‍ വിലക്കിയിട്ടുണ്ട്.

Exit mobile version