ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ക്രൂരത: 41 കാരന് വിവാഹമോചനം അനുവദിച്ച് കോടതി

ബംഗളൂരു: ഭാര്യയുടെ ബോഡിഷെയിമിംഗ് പരിഹാസത്തിന് ഇരയായ യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി. ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ക്രൂരതയാണെന്ന് വിശദമാക്കിയാണ് കര്‍ണാടക ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്.

നിറത്തിന്റെ പേരില്‍ പരിഹസിക്കുന്നത് വിവാഹ മോചനത്തിനുള്ള ശക്തമായ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. 44കാരന് 41കാരിയില്‍ നിന്നുള്ള വിവാഹമോചന കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

പതിനാറ് വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി ഉത്തരവോടെ അവസാനമായത്. ജസ്റ്റിസ് അലോക് ആരാദേയും ജസ്റ്റിസ് ആനന്ദ് രാമാനന്ദ് ഹെഗ്‌ഡേയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പരാതി പരിഗണിച്ചത്. നിറത്തിന്റെ പേരിലുള്ള ഭാര്യയുടെ പരിഹാസം കുഞ്ഞിനെ കരുതി വലിയ രീതിയില്‍ ഭര്‍ത്താവ് സഹിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഭാര്യ നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ നിരന്തരം പരിഹസിച്ചിരുന്നതായും ഭര്‍ത്താവിന്റെ അടുത്ത് നിന്ന് കാരണമില്ലാതെ മാറി താമസിച്ചതായും കോടതി കണ്ടെത്തി. ഇതിന് ന്യായീകരിക്കാനായി അവിഹിതം അടക്കമുള്ള ആരോപണങ്ങളാണ് 41കാരി 44 കാരനെതിരെ ഉയര്‍ത്തിയത്. ഇതെല്ലാം ക്രൂരതയുടെ തെളിവാണെന്നും കോടതി നിരീക്ഷിച്ചു.

ഹിന്ദു വിവാഹ നിയമത്തിലെ 13 ഐ എ വകുപ്പ് അനുസരിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 2007ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടിയാണ് ഉള്ളത്. 2012ല്‍ ഭര്‍ത്താവ് ബംഗളുരു കോടതിയെ വിവാഹ മോചനത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ കോടതി അനുവിദിച്ചിരുന്നില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം വിവാഹ ബന്ധത്തിലെ ക്രൂരത എന്ന വകുപ്പ് അനുസരിച്ചും ഗാര്‍ഹിക പീഡനത്തിനും ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസ് നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച യുവതി ഭര്‍ത്താവും വീട്ടുകാരുമാണ് തന്നെ പീഡിപ്പിക്കുന്നതെന്നായിരുന്നു കുടുംബ കോടതിയില്‍ വാദിച്ചത്. സ്ത്രീധനം ആവശ്യപ്പെടുകയും കുട്ടിയുമായി പുറത്ത് പോകാന്‍ പോലും അനുവദിക്കാത്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്.

Exit mobile version