വാക്കുപാലിച്ചില്ല; 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെല്ലിയും ബൊമ്മനും

ചെന്നൈ: ഓസ്‌കര്‍ പുരസ്‌കാരത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ ഡോക്യുമെന്ററിയാണ് ‘ദ എലിഫന്റ് വിസ്പറേഴ്സ്’. ഏറ്റവും മികച്ച ഡോക്യുമെന്ററിയായി ഓസ്‌കര്‍ അവാര്‍ഡ് ഇന്ത്യയിലേക്ക് എത്തിച്ചത് ‘ദ എലിഫന്റ് വിസ്പറേഴ്സ്’. തമിഴ്‌നാട് മുതുമല ദേശീയോദ്യാനത്തില്‍ നിന്നുള്ള ബെല്ലി-ബൊമ്മന്‍ ദമ്പതികളുടെയും അവര്‍ വളര്‍ത്തുന്ന ആനക്കുട്ടികളുടെയും കഥയായിരുന്നു ചിത്രം പറഞ്ഞത്.

ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് ബെല്ലി-ബൊമ്മന്‍ ദമ്പതികള്‍. സംവിധായിക കാര്‍തികി ഗോണ്‍സാല്‍വസിനെതിരെയാണ് ഗുരുതര ആരോപണങ്ങളുള്ളത്. 2 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്. വീടും കാറും പണവും നല്‍കാമെന്ന വാക്കുപാലിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നു.

ലഭിച്ച പണമെല്ലാം നിര്‍മാതാക്കള്‍ സ്വന്തമാക്കി. പ്രധാനമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും നല്‍കിയ പണമെല്ലാം നിര്‍മ്മാതാക്കള്‍ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.

ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് സംവിധായികയ്ക്ക് തങ്ങളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ബൊമ്മനും ബെല്ലിയും പറഞ്ഞു. ചിത്രത്തിന് ഓസ്‌കര്‍ ലഭിച്ചതിനുശേഷം അവര്‍ മാറി. ഞങ്ങളുടെ ഫോണ്‍കോളുകള്‍ പോലും എടുക്കാതെ ആയെന്നും ബൊമ്മന്‍ പറയുന്നു.

സിഖ്യ എന്റര്‍ടെയിന്‍മെന്റ്‌സ് ആയിരുന്നു ഡോക്യുമെന്ററിയുടെ നിര്‍മാണം നിര്‍വഹിച്ചത്. പണം നല്‍കാതെ ഇവരും കബളിപ്പിച്ചെന്നാണ് പരാതി.ബൊമ്മന്റെയും ബെല്ലിയുടെയും ആരോപണങ്ങള്‍ തെറ്റാണെന്നും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അവര്‍ക്കു പണം നല്‍കിയിട്ടുണ്ടെന്നും സിഖ്യ എന്റര്‍ടെയിന്‍മെന്റ്‌സ് പറയുന്നു.

Exit mobile version