യോഗി മതപരമായ കാര്യങ്ങള്‍ ചെയ്യട്ടെ; പകരം രാജ്‌നാഥ് സിങിനെ ഭരണമേല്‍പ്പിക്കണം; ഈ തെരഞ്ഞെടുപ്പില്‍ മോഡി തരംഗത്തിന് സാധ്യതയില്ല; തുറന്നടിച്ച് ബിജെപി നേതാവ് സംഘപ്രിയ ഗൗതം

യോഗി ആദിത്യ നാഥിനെ മതപരമായ കാര്യങ്ങള്‍ ചെയ്യാന്‍ അയക്കണമെന്ന അഭിപ്രായവുമായി മുതിര്‍ന്ന ബിജെപി നേതാവ് സംഘപ്രിയ ഗൗതം.

ന്യൂഡല്‍ഹി: യോഗി ആദിത്യ നാഥിനെ മതപരമായ കാര്യങ്ങള്‍ ചെയ്യാന്‍ അയക്കണമെന്ന അഭിപ്രായവുമായി മുതിര്‍ന്ന ബിജെപി നേതാവ് സംഘപ്രിയ ഗൗതം. യോഗിക്ക് പകരം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി നിയമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 88 വയസ്സുകാരനായ സംഘപ്രിയ ഗൗതം അടല്‍ ബിഹാരി വാജ്പേയ് മന്ത്രിസഭയിലെ കേന്ദ്ര മന്ത്രിയായിരുന്നു.

കൂടാതെ, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ ഉപ പ്രധാനമന്ത്രിയായി നിയമിക്കാനും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ ഉപദേശിക്കുന്നുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷായെ രാജ്യസഭയിലേക്കയച്ച് പകരം മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കണമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.

ബിജെപിയിലെ മുതിര്‍ന്ന നേതാവാണ് നരേന്ദ്ര മോഡി എങ്കിലും 2019ല്‍ മോഡി തരംഗം ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ‘വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ മോഡി വിജയിക്കാന്‍ സാധ്യത കുറവാണ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത് രഹസ്യമായി സമ്മതിച്ചതുമാണ്’- അദ്ദേഹം പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.

Exit mobile version