തണുത്ത് വിറച്ച് കാശ്മീര്‍, മഞ്ഞുവീഴ്ച്ച ശക്തം; സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ജമ്മു-ശ്രീനഗര്‍ ഹൈവേയും മുകള്‍ റോഡും ശ്രീനഗര്‍-ലേ ഹൈവേയും മഞ്ഞുവീഴ്ച്ച കാരണം അടച്ചിരിക്കുകയാണ്

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ വിവിധ മേഖലകളില്‍ മഞ്ഞുവീഴ്ച ശക്തമായി. കനത്ത മഞ്ഞുവീഴ്ചയാണ് കാശ്മീര്‍ താഴ്‌വരയില്‍. അടുത്ത 24 മണിക്കൂറും ഇതേ അവസ്ഥ തന്നെയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു സര്‍വീസ് പോലും നടത്താന്‍ സാധിച്ചിട്ടില്ല. ജമ്മു-ശ്രീനഗര്‍ ഹൈവേയും മുകള്‍ റോഡും ശ്രീനഗര്‍-ലേ ഹൈവേയും മഞ്ഞുവീഴ്ച്ച കാരണം അടച്ചിരിക്കുകയാണ്. ഗുല്‍മര്‍ഗ്, പിര്‍ പാഞ്ചല്‍, സോനാമര്‍ഗ് എന്നീ മലനിരകള്‍ വെള്ള കമ്പളിയില്‍ പുതച്ചു നില്‍ക്കുകയാണ്.

കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ഗ്രാമ-നഗര പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും താറുമാറായി. ഇന്ന് രാവിലെ താഴ്‌വരയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ശ്രീനഗറില്‍ ഇന്ന് പുലര്‍ച്ച് മൈനസ് 1.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഗുല്‍മര്‍ഗില്‍ മൈനസ് 7.3, ലേ മൈനസ് എട്ട്, കാര്‍ഗില്‍ മൈനസ് 15.6 എന്നിങ്ങനെയാണ് താപനില.

Exit mobile version