നാലാം നിലയില്‍ നിന്നും നേരെ യുവാവിന്റെ മടിയിലേക്ക്: കുഞ്ഞ് ദേവഷിയ്ക്ക് അത്ഭുതരക്ഷ

മുംബൈ: പല വലിയ ദുരന്തങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുണ്ട്. മഹാഭാഗ്യം കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചെത്തിയവരാണ് അവരൊക്കെ. അതുപോലെ നാലുവയസ്സുകാരിയായ ദേവഷി സഹാനിയും ദൈവാനുഗ്രഹം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയയാളാണ്.

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ ദേവഷി അത്ഭുതകരമായാണ് രക്ഷപ്പട്ടത്.
നാലാം നിലയില്‍ നിന്ന് ദേവഷി വീണത് യുവാവിന്റെ മടിയിലേക്കാണ്. ദേവഷിയുടെ രക്ഷ അദ്ഭുതകരമായിരിക്കുകയാണ്.

പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
നാലാംനിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിലൂടെ നടക്കുന്നതിനിടെയാണ് ദേവഷി തഴേക്ക് വീണത്.

അതേ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ താമസിക്കുന്ന ശിവകുമാര്‍ ജെയ്‌സ്വാളിന്റെ മടിയിലേക്കാണ് കുട്ടി വീണത്. ഇരിക്കുകയായിരുന്ന ശിവകുമാറിനും നിസ്സാര പരിക്കേറ്റു.

ഫ്ളാറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബാല്‍ക്കണിയിലെ ഇരുമ്പുമറ എടുത്തുമാറ്റി തുണികൊണ്ട് മറച്ചിരുന്നു. നടക്കുന്നതിനിടെ തുണിക്കിടയിലൂടെ കുട്ടി വീഴുകയായിരുന്നു. വീഴുന്ന ശബ്ദം ഫ്ളാറ്റിലെ താമസക്കാര്‍ കേട്ടെങ്കിലും അറ്റകുറ്റപ്പണിയുടെ ശബ്ദമാണെന്നാണ് കരുതിയത്.

കുട്ടി വീണ വിവരം ശിവകുമാറാണ് കുടുംബത്തെ അറിയിച്ചത്. നെറ്റിയില്‍ പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ ഉടമയുടെയും അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരന്റെയും പേരില്‍ പോലീസ് കേസെടുത്തു.

Exit mobile version