പൊട്ട് തൊട്ട് സ്‌ക്കൂളില്‍ എത്തിയതിന് അധ്യാപകന്‍ മര്‍ദ്ദിച്ചു; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ദേശീയ ശിശു അവകാശ സംരക്ഷണ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോയാണ് സംഭവം ട്വിറ്ററിലൂടെ അറിയിച്ചത്.

ധന്‍ബാദ്: പൊട്ട് തൊട്ട് സ്‌കൂളില്‍ എത്തിയതിനു അധ്യാപകന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡ് ധന്‍ബാദിലെ തെതുല്‍മാരിയില്‍ തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

ദേശീയ ശിശു അവകാശ സംരക്ഷണ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോയാണ് സംഭവം ട്വിറ്ററിലൂടെ അറിയിച്ചത്. സംഭവത്തെ കുറിച്ച് എന്‍സിപിസിആര്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം ധന്‍ബാദിലേക്കു തിരിച്ചതായും എന്‍സിപിസിആര്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോ ട്വീറ്റ് ചെയ്തു.

“ഇത് ഗൗരവകരമായ സംഭവമാണ്. സിബിഎസ്ഇ ബോര്‍ഡിന്റെ കീഴിലുള്ള സ്‌കൂളാണ് ഇത്. ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ഇരയായ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു.”

എന്ന് ജാര്‍ഖണ്ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിഷന്‍ അധ്യക്ഷന്‍ ഉത്തം മുഖര്‍ജി വ്യക്തമാക്കി.

സ്‌കുള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും പ്രതിഷേധം നടത്തിയിരുന്നു. അതേസമയം, അടുത്തിടെ രാജസ്ഥാനില്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Exit mobile version