നല്ല മനുഷ്യര്‍ രാഷ്ട്രീയത്തിലേക്ക് വരണം, രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച പ്രകാശ് രാജിനെ സ്വാഗതം ചെയ്ത് പാര്‍ട്ടികള്‍..!

ബംഗളൂരു: സിനിമാജീവിതത്തിന് പുറമെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പും ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ പ്രകാശ്‌രാജ്. 31ന് പുതുവര്‍ഷ ആശംസകള്‍ക്കൊപ്പമാണ് അദ്ദേഹം പുതിയ വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ ഈ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് നിരവധി പ്രമുഖരും രംഗത്തെത്തി. ആദ്യം എത്തിയത് ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവുവും കൂട്ടരുമാണ്. രാമറാവുവുമായി പ്രകാശ് രാജ് കൂടിക്കാഴ്ചയും നടത്തി.

ടിആര്‍എസിന് പുറമെ ആംആദ്മി പാര്‍ട്ടിയും മുന്നോട്ടുവന്നിരിക്കുന്നു. നല്ല മനുഷ്യര്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ടതുണ്ടെന്നും അത്തരം പ്രവണതയെ സ്വാഗതം ചെയ്യുന്നുവെന്നും ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. മനീഷ് സിസോദിയയുടെ പിന്തുണയ്ക്ക് പ്രകാശ് രാജ് ട്വീറ്റിലൂടെ നന്ദിയും അറിയിച്ചു. എന്നാല്‍ താന്‍ സ്വതന്ത്രനായാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നതെന്ന് പ്രകാശ് രാജ് പ്രഖ്യാപിച്ചുകഴിഞ്ഞു.

രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ പ്രകാശ് രാജ് നിരന്തരം മീഡിയക്കുമുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഗൗരി ലങ്കേഷ് വധം ഉള്‍പ്പെടെയുള്ള സംഭവങ്ങളിലും മോഡി സര്‍ക്കാരിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇനി രാഷ്ട്രീയത്തില്‍ കൂടി സജീവമാകാന്‍ തീരുമാനിച്ചതോടെ പ്രകാശ് രാജ് ആര്‍ക്കൊപ്പം അണിനിരക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രമുഖ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് പിന്നാലെയാണ് പ്രകാശ് രാജിന്റെയും രാഷ്ട്രീയ പ്രവേശനം.

Exit mobile version