449 ആശുപത്രികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് 15 ഡോക്ടർമാരുടെ പേരിൽ; ഒരു ഡോക്ടർക്ക് മാത്രം 83 ആശുപത്രികൾ; യുപിയിലെ കണക്കുകളിൽ ഞെട്ടൽ

ആഗ്ര: ഉത്തർപ്രദേശിലെ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ലൈസൻസ് പുതുക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ കണ്ടെത്തിയത് വൻതട്ടിപ്പ്. ആഗ്രയിലെയും സമീപ ജില്ലകളിലെയും 449 ആശുപത്രികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് 15 ഡോക്ടർമാരുടെ പേരുകളിലാണെന്ന് കണ്ടെത്തി. ഇതിൽ തന്നെ ഒരു ഡോക്ടറുടെ പേരിൽ മാത്രം 83 ആശുപത്രികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഹൃദ്രോഗവിദഗ്ധർ, ശിശുരോഗ വിദഗ്ധർ, ശസ്ത്രക്രിയാ വിദഗ്ധർ എന്നിവരുടെയെല്ലാം പേരിൽ മറ്റുള്ളവർ അനധികൃതമായി ലൈസൻസ് നേടി ആശുപത്രികൾ നടത്തുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സംഭവത്തിൽ ഡോക്ടർമാർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ അരുൺ കുമാർ ശ്രീവാസ്തവ വാർത്താ ഏജൻസിയോട് പറഞ്ഞു. സർക്കാർ സർവീസിലുള്ള ഡോക്ടർമാരുടെ പേരിൽ ലൈസൻസ് സമ്പാദിച്ച് മറ്റുപലരും വ്യാപകമായി ആശുപത്രികളും ക്ലിനിക്കുകളും ലാബുകളും നടത്തുന്നുവെന്നാണ് കണ്ടെത്തൽ.

ഉത്തർപ്രദേശിലെ ആശുപത്രികളുടെ ലൈസൻസ് പുതുക്കൽ നടപടി ഇത്തവണ ഓൺലൈനിൽ ആക്കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 2022-23 ൽ യുപിയിൽ 1269 മെഡിക്കൽ സെന്ററുകളാണ് പുതുതായി പ്രവർത്തനം ആരംഭിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ.

ALSO READ- സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു, മനംനൊന്ത് ജീവനൊടുക്കി യുവാവ്, ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍

ഓൺലൈനിൽ സമർപ്പിക്കപ്പെട്ട രേഖകൾ പരിശോധിച്ച് 570 ആശുപത്രികളുടെ ലൈസൻസ് അധികൃതർ പുതുക്കി നൽകിയിരുന്നു. ലൈസൻസ് പുതുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയിൽ പരിശീലനം നേടിയ ജീവനക്കാരുടെ വിവരങ്ങളടക്കം പല ആശുപത്രികളും ഉൾപ്പെടുത്തിയിട്ടില്ല. അഗ്‌നിരക്ഷാ സംവിധാനങ്ങളെപ്പറ്റിയും മാലിന്യ സംസ്‌കരണ മാർഗങ്ങളെക്കുറിച്ചും പലരും വിവരങ്ങൾ നൽകിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.സര്‍ക്കാര്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ ഗൗരവതരമാണെന്ന് വ്യക്തമാക്കി ഐഎംഎ ആഗ്ര ഘടകം രംഗത്തെത്തിയിട്ടുണ്ട്

Exit mobile version