ബ്രഹ്‌മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്താനിലേക്ക് തൊടുത്ത സംഭവം; രാജ്യത്തിന് നഷ്ടം 24 കോടി; 23 വർഷത്തിനിടെ ആദ്യം

ന്യൂഡൽഹി: ഇന്ത്യയുടെ ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് അബദ്ധത്തിൽ പാകിസ്താനിലേക്ക് തൊടുത്ത സംഭവത്തിലെ നഷ്ടം കോടതിയിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഈ സംഭവത്തിൽ രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെയാണ് അറിയിച്ചത്.

ഈ സംഭവത്തിന്റെ പേരിൽ സർവീസിൽ നിന്നും പിരിച്ചുവിട്ടതിന് എതിരെ വിങ് കമാൻഡർ അഭിനവ് ശർമ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അയൽരാജ്യമായുള്ള ബന്ധത്തിൽ സംഭവം വിള്ളലുണ്ടാക്കിയെന്നും കേന്ദ്രം വിശദമാക്കി.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു വിങ് കമാൻഡർ ഉൾപ്പെടെ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. ശർമയുടെ ഹർജിയിൽ ആറാഴ്ചയ്ക്കകം വിശദമായ മറുപടി സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിനും വ്യോമസേനാ മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

എന്നാൽ, ഇത് ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണെന്നാണ് കേന്ദ്രം നിലപാടെടുത്തത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിഷയമായതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ഇതുസംബന്ധിച്ച് കൃത്യമായ തെളിവുകളും സർക്കാരിന്റെ പക്കലുണ്ട്. മിസൈൽ പാളിച്ചയെ സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹവും വീക്ഷിച്ചിരുന്നെന്നും കേന്ദ്രം വിശദമാക്കി. 23 വർഷത്തിനിടെ ആദ്യമായാണ് വ്യോമസേനയിൽ ഇത്തരമൊരു നടപടിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ALSO READ- താലികെട്ടിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ വധു കാമുകനൊപ്പം പോയി: വിവാഹവേഷം മാറ്റാതെ രണ്ടാഴ്ച കാത്തിരുന്ന് വരന്‍; തിരിച്ചെത്തിയ ശേഷം വീണ്ടും വിവാഹം

കഴിഞ്ഞ മാർച്ച് ഒൻപതിന് വൈകീട്ട് ഏഴിനാണ് രാജസ്ഥാനിലെ വ്യോമസേനാതാവളത്തിൽ നിന്ന് ആണവേതര മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചത്. പാക് അതിർത്തിയിൽനിന്ന് 124 കിലോമീറ്റർ ഉള്ളിലായാണ് മിസൈൽ പതിച്ചത്. ഒരു വീടുൾപ്പെടെയുള്ള വസ്തുവകകൾ തകർന്നിരുന്നു. സംഭവത്തെത്തുടർന്ന് ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിക്കുകയും, ഇന്ത്യ ഖേദവും അറിയിച്ചിരുന്നു.

Exit mobile version