വാർഷികാഘോഷത്തിന് ജ്വല്ലറിയിൽ വൻതോതിൽ സ്വർണം എത്തിച്ചു; മഴവെള്ളം കുത്തിയൊലിച്ചെത്തി എല്ലാം കൊണ്ടുപോയി; രണ്ടരക്കോടിയുടെ നഷ്ടം

ബംഗളൂരു: അപ്രതീക്ഷിതമായി ഞായറാഴ്ച പെയ്ത വേനൽമഴയിൽ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടിരൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫർണീച്ചറുകളുമാണ് ഒലിച്ചുപോയി വൻനഷ്ടമുണ്ടായത്.

അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ ഷട്ടർ പോലും അടയ്ക്കാൻ കഴിയാത്തതാണു വൻനഷ്ടത്തിന് കാരണമായത്. നിമിഷങ്ങൾ കൊണ്ട് കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തിവച്ചിരുന്ന ആഭരണങ്ങളെ കവർന്നാണ് ഒഴുകി പോയത്.

വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പിറകുവശത്തെ വാതിൽ തുറന്നതോടെയാണ് മുഴുവൻ ആഭരണങ്ങളും ഒലിച്ചുപോയത്. ശനിയാഴ്ച ഒന്നാം വാർഷികം ആഘോഷികാനായി വൻതോതിൽ സ്വർണം ജ്വല്ലറിയിൽ ശേഖരിച്ചിരുന്നു. ഇതാണ് നഷ്ടത്തിന്റെ തോത് കൂട്ടിയത്.

also read- ശല്യം ചെയ്തിട്ടില്ല, രാഖിശ്രീയുമായി സ്‌നേഹത്തിൽ; വീട്ടിൽ നിന്നിറങ്ങിപ്പോയ അർജുൻ ഇതുവരെ തിരികെ വന്നിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് കുടുംബം

സഹായത്തിനായി കോർപ്പറേഷൻ അധികൃതരെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ലെന്നും ഉടമയായ വനിത പരാതിപ്പെടുന്നു. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.

അതേസമയം, സംസ്ഥാനത്ത് നാശം വിതച്ച് വേനൽമഴയിൽ മരണം ഏഴായി ഉയർന്നു. ബംഗളൂരുവിൽ മാത്രം 2 ജീവനുകൾ നഷ്ടമായി. കെആർ സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി ഇൻഫോസിസ് ജീവനക്കാരിയായ വിജയവാഡ സ്വദേശിനി ഭാനു രേഖ (22) മരിച്ചു. ഞായറാഴ്ച വൈകിട്ട് വെള്ളക്കെട്ടിൽ ഒലിച്ചുപോയ ലോകേഷ് (31) ന്റെ മൃതദേഹം ബെംഗളൂരു ബൈട്രരായനപുരയിലെ മഴവെള്ളച്ചാലിൽ നിന്നു കണ്ടെടുത്തിരുന്നു.

Exit mobile version