വിവാഹദിവസം പരസ്പരം വഴക്കടിച്ചു; വിഷം കഴിച്ച വരൻ മരിച്ചു; വാർത്തയറിഞ്ഞ് ജീവനൊടുക്കാൻ ശ്രമിച്ച വധു ഗുരുതരാവസ്ഥയിൽ

ഇൻഡോർ: വിവാഹദിനത്തിൽ വഴക്കടിച്ച വധൂവരന്മാർ വിഷം കഴിച്ച സംഭവത്തിൽ ഞെട്ടൽ. മധ്യപ്രദേശിലാണ് സംഭവം. വിവാഹദിവസം പരസ്പരം വഴക്കിട്ടതിന് പിന്നാലെ വരൻ വിഷം കഴിക്കുകയായിരുന്നു. വൈകാതെ മരണവും സംഭവിച്ചു. ഇതറിഞ്ഞ വധുവും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇവർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. അമ്പലത്തിൽ വച്ച് വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ വരനും വധുവും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു.

താൻ വിഷം കഴിച്ച വിവരം വരൻ തന്നെയാണ് വധുവിനോടു പറഞ്ഞത്. ഇതറിഞ്ഞയുടനെ വധുവും വിഷം കഴിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വധുവിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.

അതേസമയം, പെൺകുട്ടി വിവാഹത്തിനായി യുവാവിനെ നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും ഇതേതുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും വരന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

ALSO READ- പതിനൊന്ന് വർഷത്തെ പ്രണയം സഫലം! ഫേബയ്ക്ക് നടനും തിരക്കഥാകൃത്തുമായ അശ്വിൻ ജോസ് മിന്നു ചാർത്തി

തനിക്ക് രണ്ടു വർഷം കൂടി സമയം വേണമെന്ന് യുവാവ് പെൺകുട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടി ഇത് അംഗീകരിച്ചില്ല. പെട്ടെന്നു തന്നെ വിവാഹം വേണമെന്ന് നിർബന്ധിച്ചുകൊണ്ടിരുന്നു എന്നും ബന്ധുക്കൾ പോലീസിനോട് പരാതിപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version