ഗുരുതര ഹൃദ്രോഗവുമായി പിഞ്ചുകുഞ്ഞ്: ചികിത്സിക്കാന്‍ പണമില്ല, കുഞ്ഞിനെ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലേക്ക് എറിഞ്ഞ് യുവാവ്; ചികിത്സ ഏറ്റെടുത്ത് ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കെടുത്ത
പൊതുയോഗത്തില്‍ ഒരു വയസ്സുള്ള മകനെ സ്റ്റേജിലേക്കെറിഞ്ഞ് യുവാവ്.
മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് യുവാവ് കടുംകൈ ചെയ്തത്.

സാഗറിലെ സഹജ്പൂര്‍ സ്വദേശി മുകേഷ് പട്ടേല്‍ എന്നയാള്‍ക്കാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇങ്ങനെ ചെയ്തത്. ഞായറാഴ്ച സാഗറിലെ കുശ്‌വാഹയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു സംഭവം.

സ്റ്റേജിന്റെ ഒരടി അകലെയാണ് കുട്ടി ചെന്നുവീണത്. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ കുട്ടിയെ എടുത്ത് മാതാവ് നേഹയെ ഏല്‍പിച്ചു. തന്റെ മകന് ഹൃദയത്തില്‍ തുളയുണ്ടെന്നും ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാനാണ് കുട്ടിയെ എറിഞ്ഞതെന്നും പിതാവ് വിശദീകരിച്ചു.

മൂന്നാം മാസത്തിലാണ് കുഞ്ഞിന്റെ ഹൃദയത്തില്‍ ദ്വാരം കണ്ടെത്തിയത്. നാലു ലക്ഷത്തോളം രൂപ ഇതിനകം ചെലവിട്ടു. ഇപ്പോള്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നര ലക്ഷം രൂപയാണ് ഇതിന് ചെലവ് പറയുന്നത്. ഇത് തങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്.

ചികിത്സക്ക് ആരും സഹായിക്കുന്നില്ല. മുഖ്യമന്ത്രിയുടെ സഹായം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അദ്ദേഹത്തിന്റെ അടുത്ത് ചെല്ലാന്‍ പോലീസ് അനുവദിക്കുന്നില്ല. ഇതിനാലാണ് കുട്ടിയെ എറിഞ്ഞ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്, മുകേഷ് പട്ടേല്‍ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായവും വാഗ്ദാനം ചെയ്തു. അതിന് വേണ്ട നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

Exit mobile version