ഇന്ത്യ ഇപ്പോൾ തന്നെ ഒരു ഹിന്ദു രാഷ്ട്രമായി; പ്രഖ്യാപനം ഉടനെയുണ്ടാകും; പ്രസ്താവനയുമായി ആൾദൈവം; സ്വാഗതം ചെയ്ത് ബിജെപി, ബിഹാറിൽ വിവാദം

പട്‌ന: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായെന്നും ഉടനെ പ്രഖ്യാപനമുണ്ടായെന്നും പ്രസ്താവന നടത്തി സ്വയം പ്രഖ്യാപിത ആൾ ദൈവം ധീരേന്ദ്ര ശാസ്ത്രി വിവാദത്തിൽ. ബിഹാറിൽ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ആദ്യ ദിവസമാണ് ധീരേന്ദ്ര ശാസ്ത്രി പ്രസ്താവന നടത്തിയത്.

‘ഞാൻ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നു, പക്ഷേ അതെങ്ങനെ സാധ്യമാകുമെന്ന് ഒരു സന്യാസി എന്നോട് ചോദിച്ചു. ഇന്ത്യ ഇതിനകം ഒരു ഹിന്ദു രാഷ്ട്രമായെന്നും അതിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ഞാൻ അദ്ദേഹത്തിന് മറുപടി നൽകി’- എന്നാണ് ധീരേന്ദ്ര പറഞ്ഞത്.

വലിയ വിവാദമായതോടെ ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നു. എന്നാൽ, ഈ പ്രസ്താവനയെ ബിജെപി സ്വാഗതം ചെയ്തു. മാത്രമല്ല, പട്‌നയിലെത്തിയ ധീരേന്ദ്രയെ ബിജെപി നേതാക്കൾ ആരതി ഉഴിഞ്ഞ് സ്വീകരിക്കുകയായിരുന്നു.

ഇതിനിടെ, ധീരേന്ദ്ര ശാസ്ത്രി പട്ന സന്ദർശിക്കുന്നതിനെതിരെ ആർ.ജെ.ഡി നേതാവ് മൃത്യുഞ്ജയ് തിവാരി രംഗത്തെത്തി. ധീരേന്ദ്രയുടെ സന്ദർശനത്തിൽ ആശങ്കയുണ്ടെന്നും ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നതെന്നും മൃത്യുഞ്ജയ് പറഞ്ഞു.

ALSO READ- ഭർത്താവ് വിദേശത്ത്, മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് 27കാരി യുവാവിനൊപ്പം ഒളിച്ചോടി; ഒടുവിൽ വയനാട്ടിൽ വെച്ച് പിടിയിൽ

ബിഹാറിലെ ജനങ്ങൾ സ്വയം പ്രഖ്യാപിത ആൾദൈവങ്ങളുടെ അജണ്ട അനുവദിക്കില്ല. ഒരു രാഷ്ട്രീയ പ്രസംഗം നടത്തുന്നതിന് മുമ്പ് ബജ്‌റംഗ് ബലി ബിജെപിയോട് കോപിച്ച കർണാടക തെരഞ്ഞെടുപ്പ് ഫലം നോക്കണമെന്നും തിവാരി പറഞ്ഞു.

Exit mobile version