ബംഗളൂരു: കർണാടക നിയമസഭാ വോട്ടെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കുമെന്ന് തെളിയിച്ച് 124 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കേവല ഭൂരിപക്ഷം കടന്ന് ലീഡിംഗ് തുടരുകയാണ്. അതേസമയം വലിയ തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. നിലവിൽ 69 സീറ്റിൽ മാത്രമാണ് മുന്നേറ്റം. ഒരുഘട്ടത്തിൽ 80 സീറ്റുകൾക്ക് മുകളിൽ ലീഡ് നേടിയിരുന്നു ബിജെപി. ഭരണവിരുദ്ധ വികാരം അലയടിച്ചതോടെ പ്രധാനമന്ത്രി മോഡി കാടിളക്കി നടത്തിയ പ്രചാരണവും വിഫലമായി. ബിജെപിയുടെ എട്ട് മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ തോൽവിയിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ.
ബിജെപിയുടെ ശ്രീരാമലു തോറ്റപ്പോൾ സിടി രവി, രമേശ് ജാർക്കിഹോളി, ജഗദീഷ് ഷെട്ടാർ, നിഖിൽ കുമാരസ്വമി തുടങ്ങിയ പ്രമുഖരെല്ലാം തോൽവി മുന്നിൽ കാണുകയാണ്. ജി പരമേശ്വര,കെഎസ് ബസവന്തപ്പ,എസ്ആർ ശ്രീനിവാസ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ വിജയത്തിലേക്ക് അടുക്കുകയാണ്. ഡികെ ശിവകുമാർ 41000 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. സിദ്ധരാമയ്യ മൈസൂരിലെ വരുണ മണ്ഡലത്തിൽ നിന്നും വിജയം നേടി.
ഈ വിജയം കോൺഗ്രസ് രാഹുൽ ഗാന്ധിക്ക് കൂടി സമ്മാനിക്കുകയാണ്. രാഹുൽ അജയ്യനെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. വിജയം രാഹുലിന് സമ്മാനിക്കുകയാണ് പാർട്ടി നേതൃത്വം. അതേസമയം, വോട്ടെണ്ണലിന് മുന്നോടിയായി പ്രിയങ്ക ഗാന്ധി ബജ്‌റംഗ് ബലി ക്ഷേത്രത്തിലെത്തി ആരാധന നടത്തി. പ്രധാനമന്ത്രി മോഡി കർണാടകയിൽ അഴിച്ചുവിട്ട പ്രചാരണ തന്ത്രമായിരുന്നു ബജ്‌റംഗ് ബലി ആരാധന എന്നത്.
ഇത്തവണ കോൺഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിച്ചതോടെ ജെഡിഎസിന് മന്ത്രിസഭാ രൂപീകരണത്തിൽ പ്രത്യേകിച്ച് സ്വാധീനം ചെലുത്താനാകില്ലെന്ന് ഉറപ്പായി. ഇത്തവണ എച്ച്ഡി കുമാരസ്വാമി കിംഗ് മേക്കറാകില്ലെന്നാണ് ഫലസൂചനകൾ. മൈസൂരിൽ ജെഡിഎസിനെ കൈവിട്ടിരിക്കുകയാണ് ജനങ്ങൾ.
അതേസമയം, ഡൽഹിയിലെയും ബംഗളൂരുവിലെയും കോൺഗ്രസ് ആസ്ഥാനങ്ങളിൽ ഇതിനോടകം വിജയാഘോഷം ആരംഭിച്ചു കഴിഞ്ഞു. എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിൽ നഗര-ഗ്രാമ മേഖലകളിൽ കോൺഗ്രസ് തന്നെയാണ് മുന്നേറ്റം തുടരുന്നത്. ഇത്തവണ ഒറ്റത്തവണയായാണ് കർണാകയിൽ വോട്ടെടുപ്പ് നടന്നത്.
കോൺഗ്രസ് ആഘോഷം തുടങ്ങിയെങ്കിലും ബിജെപി കേന്ദ്രങ്ങളിൽ നിശബ്ദത തുടരുകയാണ്. ഭരണവിരുദ്ധ വികാരം അലയടിച്ചെന്ന് തന്നെയാണ് ഫലം സൂചിപ്പിക്കുന്നത്. ഇനി ഓപ്പറേഷൻ താമരയ്ക്കും കർണാടകത്തിൽ റോളില്ലെന്ന് തന്നെയാണ് ഉറപ്പിക്കാനാകുന്നത്.
അതേസമയം, ഇനി കോൺഗ്രസിന് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിൽ കർണാടകയിൽ ഓപ്പറേഷൻ താമരയ്ക്ക് സാധ്യതയുണ്ട്. ഇതോടെ എംഎൽഎമാരെ മാറ്റേണ്ടി വരുമെന്നുമുളള ആശങ്കകളുണ്ട്. എന്നാൽ കേവല ഭൂരിപക്ഷം ലഭിച്ചാൽ ഇത്തരം ആശങ്കകൾക്ക് സ്ഥാനമില്ല.